സുരക്ഷാമേഖലയിലെ അനധികൃത കെട്ടിട നിര്‍മാണം: അന്‍വറിനെതിരെ നടപടിക്ക് സര്‍ക്കാര്‍
തിരുവനന്തപുരം: ആലുവ എടത്തല പഞ്ചായത്തിലെ സുരക്ഷാമേഖലയിൽ ഏഴുനിലക്കെട്ടിടം നിർമിച്ച കേസിൽ പി.വി. അൻവറിനെ കേസിൽ കുരുക്കാനൊരുങ്ങി സർക്കാർ. കേസ് ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെ, അനധികൃതമായി നിർമിച്ച കെട്ടിടം പൊളിച്ചുനീക്കണമെന്ന സത്യവാങ്മൂലം നൽകാനാണ് പഞ്ചായത്ത് ഡയറക്ടർക്കുള്ള നിർദേശം. കേസിൽ ഒന്നും രണ്ടും കക്ഷികളാണ് എറണാകുളം കളക്ടറും പഞ്ചായത്ത് ഡയറക്ടറും. സർക്കാർ വാദമനുസരിച്ച് ഹൈക്കോടതി വിധിപുറപ്പെടുവിച്ചാൽ കെട്ടിടം പൊളിക്കേണ്ടിവരും.
കേസിൽ ഇതുവരെ പഞ്ചായത്ത് ഡയറക്ടർ മറുപടി സമർപ്പിച്ചിരുന്നില്ല. എടത്തലയിൽ നാഷണൽ ആർമമെന്റ് ഡിപ്പോയ്ക്ക് (എൻ.എ.ഡി.) സമീപമാണ് കെട്ടിടം. സുരക്ഷാമേഖലയിലുള്ള കെട്ടിടം അനുമതിയില്ലാതെ നിർമിച്ചതാണെന്നു കാണിച്ച് പൊതുപ്രവർത്തകൻ കെ.വി. ഷാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. നവംബറിൽ കേസ് പരിഗണിച്ചപ്പോൾ മറുപടി സമർപ്പിക്കാൻ എടത്തല പഞ്ചായത്ത് സെക്രട്ടറിക്ക് ഹൈക്കോടതി അന്ത്യശാസനം നൽകിയിരുന്നു.
ഡൽഹിയിലെ കടാശ്വാസ കമ്മിഷൻ 2006 സെപ്റ്റംബർ 18-ന് നടത്തിയ ലേലത്തിലാണ് അൻവർ മാനേജിങ് ഡയറക്ടറായ പീവീസ് റിയൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കെട്ടിടം നിർമിച്ച 11.46 ഏക്കർ ഭൂമി 99 വർഷത്തെ പാട്ടത്തിന് സ്വന്തമാക്കിയതെന്ന് ഹർജിയിൽ പറയുന്നു. അനുമതിയില്ലാതെ ഇവിടെ ആരംഭിച്ച കെട്ടിടനിർമാണം നിർത്തിവെക്കാൻ ആവശ്യപ്പെട്ട് എടത്തല പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും പാലിക്കപ്പെട്ടില്ലെന്നും ഹർജിക്കാരൻ പരാതിപ്പെട്ടു.