യുക്രൈനും ഇസ്രായേലിനും ശതകോടികള്‍; ഞങ്ങള്‍ക്ക് 770 ഡോളര്‍; ലോസ് ആഞ്ചലസ് ധനസഹായത്തില്‍ യു.എസ് ഭരണകൂടത്തിനെതിരെ പ്രതിഷേധം
വാഷിങ്ടണ്‍ ഡിസി: ലോസ് ആഞ്ചലസിനെ വിഴുങ്ങിയ വൻ അഗ്നിബാധയിലെ ദുരന്തബാധിതർക്ക് യു.എസ് ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം കുറഞ്ഞുപോയതിനെതിരെ വൻ പ്രതിഷേധം.
അഗ്നിബാധയ്ക്കിരയായ ഓരോ വീട്ടുകാർക്കും ഒറ്റത്തവണ ധനസഹായമായി 770 ഡോളർ (66,664 രൂപ) വീതമാണ് യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചത്. ഇതിനു പുറമെ അടുത്ത ആറു മാസത്തേക്ക് കാലോസ് ആഞ്ചലസിലെ ദുരന്തനിവാരണ ചെലവുകള്‍ പൂർണമായും ഫെഡറല്‍ ഭരണകൂടം വഹിക്കുമെന്നും മറ്റു കാര്യങ്ങളില്‍ കാലിഫോർണിയ സംസ്ഥാനവുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കുമെന്നും ബൈഡൻ അറിയിച്ചു.
അതിനിടെ, ദുരന്തബാധിതർക്ക് ഫെഡറല്‍ ഭരണകൂടം അനുവദിച്ച ധനസഹായം വളരെ കുറവാണെന്നാരോപിച്ച് നിരവധി പേർ രംഗത്തുവന്നു. യുക്രൈൻ, ഇസ്രായേല്‍ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ക്ക് യു.എസ് ഭരണകൂടം അനുവദിച്ച ശതകോടിക്കണക്കിന് ഡോളറിന്റെ കണക്കുകള്‍ നിരത്തിയാണ് എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നത്.
‘കാലിഫോർണിയയിലെ അഗ്നിബാധയുടെ ഇരകള്‍ക്ക് 770 ഡോളർ വീതമാണ് ലഭിക്കാൻ പോകുന്നത്. ബൈഡൻ 800 കോടി ഡോളറാണ് ഇസ്രായേലിന് അയക്കുന്നത്. 2023 ഡിസംബറിലെ കണക്കുപ്രകാരം ഇസ്രായേലിലെ ജനസംഖ്യ ഏതാണ്ട് 9,842,000 ആണ്. 800 കോടിയെ ഇസ്രായേലിലെ ഓരോ വ്യക്തിക്കുമായി വീതിച്ചാല്‍ ഓരോരുത്തർക്കും 813.10 ഡോളർ ലഭിക്കും. ജോ ബൈഡൻ അമേരിക്കയിലെ ജീവിതങ്ങളേക്കാള്‍ പ്രാധാന്യം നല്‍കുന്നത് ഇസ്രായേലിനാണ്.’ ബെഞ്ചമിൻ റൂബിൻസ്റ്റീൻ എന്നയാള്‍ എക്‌സില്‍ കുറിച്ചു.
2023 ഒക്ടോബർ ഏഴിനു ശേഷം ആയുധങ്ങളടക്കം 26 ബില്ല്യണ്‍ ഡോളർ അമേരിക്ക ഇസ്രായേലിന് നല്‍കിയെന്നും ഇത് ഓരോ ഇസ്രായേലിക്കും 2631.83 ഡോളർ ലഭിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈഡൻ നല്‍കിയ 770 ഡോളർ ലോസ് ആഞ്ചല്‍സിലെ ഒരു മാസത്തെ വീട്ടുവാടകയ്ക്കു പോലും തികയില്ലെന്ന് റോഗ് കൈറ്റ് എന്നയാള്‍ ചൂണ്ടിക്കാട്ടുന്നു.
റഷ്യയുമായുള്ള യുദ്ധം ആരംഭിച്ച ശേഷം യുക്രൈന് അമേരിക്ക 175 ബില്ല്യണ്‍ (17,500 കോടി) ഡോളർ ധനസഹായം അനുവദിച്ചു എന്നാണ് കണക്ക്. യുദ്ധസന്നാഹങ്ങളും സൈനിക ഉപകരണങ്ങളുമാണ് ഇതില്‍ ഏറിയ പങ്കും. ഇസ്രായേലിന് ഓരോ വർഷവും ശതകോടിക്കണക്കിന് ഡോളർ ധനസഹായമായും സൈനിക സഹായമായും നല്‍കുന്ന അമേരിക്ക 2023 ഒക്ടോബർ ഏഴിനു ശേഷം പ്രത്യേക നിയമനിർമാണം വഴി സഹായം ഊർജിതമാക്കിയിട്ടുണ്ട്. 2024-ല്‍ മാത്രം 17.9 ബില്ല്യണ്‍ (17,900 കോടി) ഡോളർ ഇസ്രായേല്‍ കൈപ്പറ്റിയെന്ന് ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ വ്യക്തമാക്കുന്നു.