ബോണ്ടിൽ ഒപ്പുവയ്ക്കില്ലെന്ന് ബോബി, ജാമ്യം കിട്ടിയിട്ടും ജയിൽ വിടുന്നില്ല; വിവാദങ്ങൾക്കും മോചനമില്ല

കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽനിന്നിറങ്ങുന്നതിൽ അനിശ്ചിതത്വം. ജാമ്യ ഉത്തരവുമായി അഭിഭാഷകർ കാക്കനാട് ജില്ലാ ജയിലിൽ എത്തിയെങ്കിലും ബോബി സഹകരിക്കാൻ തയാറായില്ലെന്നാണ് വിവരം. എന്നാൽ ഇതു സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ച പകൽ മൂന്നരയ്ക്കാണ് ഹൈക്കോടതി ജാമ്യ ഉത്തരവ് പുറത്തുവിട്ടത്. തുടർന്ന് ഇതുമായി അഭിഭാഷകർ ജയിലിൽ എത്തിയെങ്കിലും അകത്തേക്ക് കടന്നില്ലെന്നാണ് വിവരം.
ജാമ്യ ഉത്തരവനുസരിച്ച് ബോണ്ടിൽ ഇന്ന് ഒപ്പുവയ്ക്കില്ലെന്ന് ബോബി അഭിഭാഷകരെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. റിലീസ് ഓർഡർ എത്താത്ത സാഹചര്യത്തിൽ സമയപരിധി കഴിഞ്ഞെന്ന് ജയിൽ അധികൃതർ അറിയിച്ചതായും വിവരമുണ്ട്. ബോബിയുടെ നടപടി പ്രോസിക്യൂഷൻ ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചേക്കും. ഇന്നു രാവിലെ ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് വൈകിട്ട് പുറത്തിറക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.
അതേസമയം, കേസിൽ ജാമ്യം ലഭിച്ചെങ്കിലും ബോബി ചെമ്മണൂരിനെ വിവാദം വിട്ടൊഴിയുന്നില്ല. ജയിലിൽ ബോബിക്ക് പ്രത്യേക പരിഗണന ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് വിവാദമായിരിക്കുന്നത്. ഈ മാസം 9നാണ് ബോബിയെ മജിസ്ട്രേട്ട് കോടതി 14 ദിവസത്തെ റിമാൻഡിൽ കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചത്. ഈ ദിവസങ്ങളിൽ ബന്ധുക്കളും അഭിഭാഷകരും ബോബിയെ കാണാൻ എത്തിയിരുന്നു. എന്നാൽ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനൊപ്പം ബോബിയുടെ ചില അടുപ്പക്കാർ ജയിലിലെത്തി കൂടിക്കാഴ്ച നടത്തിയത് ചട്ടവിരുദ്ധമായാണ് എന്നാണ് ആരോപണം. ഇതില് പൊലീസ് ഉദ്യോഗസ്ഥന്റെ പേരു മാത്രമാണ് സന്ദർശക ഡയറിയിൽ ഉണ്ടായിരുന്നത്. മറ്റു മൂന്നുപേരും ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ ഇരിക്കുകയും ബോബിയുമായി അവിടെവച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു എന്നാണ് ആരോപണം.
അതിനൊപ്പം ബോബിക്ക് ഫോൺ ചെയ്യാനും മറ്റുമായി 200 രൂപ നൽകിയതിലും ചട്ടക്രമം പാലിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ജയിലിൽ എത്തിയപ്പോൾ ബോബിയുടെ പക്കൽ പണമൊന്നും ഇല്ലായിരുന്നു എന്നാണ് രേഖകളിലുള്ളത്. എന്നാൽ പിന്നീട് 200 രൂപ ബോബിക്ക് കൈമാറുകയും ഇതു രേഖകളിൽ ചേർക്കുകയും ചെയ്തെന്നാണ് വാദം. എന്നാൽ ഇക്കാര്യങ്ങൾ ജയിൽ അധികൃതർ നിഷേധിച്ചു. ബോബിക്ക് പ്രത്യേക പരിഗണന നൽകുന്നെന്ന് ജയിൽ ജീവനക്കാർക്കിടയിൽ തന്നെ മുറുമുറുപ്പുകൾ ഉയർന്നതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. തുടർന്ന് സ്പെഷൽ ബ്രാഞ്ച് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകിയതായും അറിയുന്നു.

