KSDLIVENEWS

Real news for everyone

പുല്ലൂർ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി 652 പേർക്ക് അംഗത്വം നൽകിയ നടപടി റദ്ദാക്കി

SHARE THIS ON

പെരിയ: കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ട് പുല്ലൂർ സഹകരണ ബാങ്കിൽ ചുമതലയേറ്റ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പുതുതായി 652 പേർക്ക് അംഗത്വം നൽകിയ നടപടി ഹൈക്കോടതി റദ്ദാക്കി. ക്രമനമ്പർ 7313 മുതൽ 7964 വരെ ചേർത്ത അംഗങ്ങളുടെ പേരുകൾ റജിസ്റ്ററിൽ നിന്നു നീക്കാനും ഹൈക്കോടതി ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ ഉത്തരവിട്ടു.  

കോൺഗ്രസിൽ നിന്നു ബാങ്ക് ഭരണം പിടിച്ചെടുക്കാൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഉപയോഗിച്ച് പുതിയ അംഗങ്ങളെ ചേർത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരേ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷൻ, കാസർകോട് സഹകരണ സംഘം റജിസ്ട്രാർ(ജനറൽ), ഹൊസ്ദുർഗ് അസിസ്റ്റന്റ് റജിസ്ട്രാർ, പുല്ലൂർ ബാങ്ക് തിരഞ്ഞെടുപ്പ് ഓഫിസർ, വരണാധികാരി, സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കി കോൺഗ്രസ് നേതാവും ബാങ്ക് മുൻ പ്രസിഡന്റുമായ സി.കെ.അരവിന്ദൻ, ഡിസിസി ജനറൽ സെക്രട്ടറി പി.വി.സുരേഷ്, പി.പരമേശ്വരൻ നായർ എന്നിവരാണ് ഹൈക്കോടതിയിൽ മൂന്ന് റിട്ട് ഹർജികൾ നൽകിയത്. ഇവ ഒന്നിച്ചു പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

അന്തരിച്ച കോൺഗ്രസ് നേതാവ് വിനോദ്കുമാർ പള്ളയിൽവീട് പ്രസിഡന്റായ ഭരണസമിതിക്കെതിരേ കോൺഗ്രസിലെ ഒരു വിഭാഗം കലാപക്കൊടി ഉയർത്തിയതിനെത്തുടർന്നുള്ള സംഭവവികാസങ്ങളെത്തുടർന്ന് 2014 ജനുവരി 25 നാണ് ഭരണസമിതി പിരിച്ചുവിട്ട്  സഹകരണവകുപ്പ് പാർട് ടൈം അഡ്മിനിസ്ട്രേറ്ററെ നിയോഗിച്ചത്. പിന്നീട് മൂന്ന് അംഗങ്ങളെ ചേർത്ത് രൂപീകരിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് വ്യാപകമായി സിപിഎം പ്രവർത്തകരും അനുഭാവികളുമായവർക്ക്  ബാങ്കിൽ അംഗത്വം നൽകിയത്. കോടതി വിധിയോടെ പുല്ലൂർ സഹകരണ ബാങ്കിൽ ഭരണസമിതി പിരിച്ചുവിടുമ്പോഴുള്ള അംഗങ്ങളുമായി തിരഞ്ഞെടുപ്പിനു കളമൊരുങ്ങി. സഹകരണവകുപ്പിന്റെ ഒത്താശയോടെ ബാങ്ക് ഭരണം പിടിക്കാനുള്ള സിപിഎം നീക്കത്തിനേറ്റ തിരിച്ചടികൂടിയായി ഹൈക്കോടതി വിധി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!