KSDLIVENEWS

Real news for everyone

കുന്നും മലയും അനായാസം കയറാൻ ജില്ലയിലെ പൊലീസിന് 2 ഫോഴ്സ് ഗൂർഖ ഓഫ്റോഡ് വാഹനമെത്തി

SHARE THIS ON

കാസർകോട് ∙കുന്നും മലയും അനായാസം കയറാൻ ജില്ലയിലെ പൊലീസിനും ഫോഴ്സ് ഗൂർഖ ഓഫ്റോഡ് വാഹനമെത്തി. അതിർത്തി പ്രദേശങ്ങളിലെ സ്റ്റേഷനുകളായ രാജപുരം, ബദിയടുക്ക എന്നിവിടങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ ഗൂർഖ ഓഫ്റോഡ് വാഹനം നൽകിയത്. ദുർഘട പ്രദേശങ്ങളിൽ യാത്ര ചെയ്യുന്നതിന് സഹായകരമായ പുതിയ 46 ഗൂർഖ വാഹനമാണ് സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകൾക്കായി നൽകിയിട്ടുള്ളത്. ഇതിൽ രണ്ടെണ്ണമാണു ജില്ലയിലേക്കു ലഭിച്ചത്.

നക്സൽ ബാധിത പ്രദേശങ്ങളിലെയും ഉയർന്ന പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകൾക്കാണു വാഹനങ്ങൾ നൽകിയത്. സംസ്ഥാന പൊലീസ് നവീകരണ പദ്ധതി ഫണ്ട് ഉപയോഗിച്ചാണ് വാഹനം വാങ്ങിയത്. ഒരു വാഹനത്തിനു 13.25 ലക്ഷം രൂപയാണു വില. നിലവിൽ രാജപുരം, ബദിയടുക്ക എന്നിവിടങ്ങളിലെ ജീപ്പുകൾ ഏറെ പഴക്കമുള്ളവയാണ്. മലയോര പ്രദേശങ്ങളിലേക്ക് ഈ പഴയ വാഹനത്തിലെത്താൻ ഏറെ പ്രയാസമായിരുന്നു. രാജപുരം സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന റാണിപുരം, പാണത്തൂർ, കല്ലപ്പള്ളി, കപ്പള്ളി, പാറക്കടവ്, കുണ്ടുപ്പള്ളി, ഓണി എന്നിവ കുന്നിൻ പ്രദേശങ്ങളാണ്.

ഈ സ്ഥലങ്ങളിൽ ഒരു സംഭവം ഉണ്ടായാൽ നിലവിലുള്ള ജീപ്പിൽ എത്താൻ ഏറെ സമയം വേണം. ബീജന്തടുക്ക, അഡ്യനടുക്ക, സ്വർഗ എന്നിവിടങ്ങളിലേക്കു ബദിയടുക്ക സ്റ്റേഷനിൽ നിന്നു നിലവിലുള്ള വാഹനത്തിൽ എത്താൻ ദുരിതമാണ്. പുതിയതായി അനുവദിച്ച വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന നിർവഹിച്ചു. ഡിവൈഎസ്പി എ.സതീഷ്കുമാർ, എസ്ഐ എം.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!