മോദിയും രാഹുലും ഇന്നു കേരളത്തിൽ; പ്രധാനമന്ത്രി 2 മണ്ഡലങ്ങളിൽ എത്തും; രാഹുൽ വയനാട്ടിൽ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്നു കേരളത്തിൽ. ആദ്യമായാണ് ഇരുവരും ഒരേ ദിവസം കേരളത്തിലെത്തുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെ മൈസൂരുവിൽനിന്നു കൊച്ചി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി, എറണാകുളം ഗസറ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. ഇന്നു രാവിലെ 10.30നു ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തും ഉച്ചയ്ക്ക് ഒന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലുമാണു മോദിയുടെ പരിപാടികൾ. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണു മോദി കേരളത്തിലെത്തുന്നത്. മാർച്ച് 19നു പാലക്കാട്ടും പത്തനംതിട്ടയിലും എത്തിയിരുന്നു. ഈ വർഷം ഏഴാം തവണയാണ് എത്തുന്നത്. തമിഴ്നാട്ടിലും പ്രധാനമന്ത്രിക്ക് ഇന്നു പൊതുയോഗമുണ്ട്. കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കിയശേഷം തമിഴ്നാട്ടിലേക്കു പോകുന്ന നരേന്ദ്ര മോദി, വൈകിട്ട് 4:15ന് തിരുനെൽവേലിയിൽ ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കും. ഈ വർഷം എട്ടാം തവണയാണ് മോദി തമിഴ്നാട് സന്ദർശിക്കുന്നത്. നാളെയും തമിഴ്നാട്ടിലെ പരിപാടിയിൽ പങ്കെടുക്കും. വെള്ളിയാഴ്ചയാണ് തമിഴ്നാട്ടിൽ പോളിങ്. അതേസമയം, ഇന്നു രാവിലെ 9.30ന് നീലഗിരി ആട്സ് ആൻഡ് സയൻസ് കോളജിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന രാഹുൽ ഗാന്ധിക്ക് വയനാട് ജില്ലയിൽ ആറു പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളിൽ റോഡ് ഷോ നടത്തും. പുൽപ്പള്ളിയിലെ കർഷക സംഗമത്തിൽ രാഹുൽ സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും വൈകിട്ട് 6നു കോഴിക്കോട്ടെ യുഡിഎഫ് മഹാറാലിയിൽ പ്രസംഗിക്കും. മലബാർ മേഖലയിലെ യുഡിഎഫ് സ്ഥാനാർഥികൾ വേദിയിലുണ്ടാകും. നാളെയും വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളിലും പങ്കെടുക്കും. 18നു പത്തിനു കണ്ണൂർ, മൂന്നിനു പാലക്കാട്, അഞ്ചിനു കോട്ടയം എന്നിവിടങ്ങളിൽ രാഹുൽ പ്രചാരണത്തിനെത്തും. 22നു രാവിലെ പത്തിനു തൃശൂർ, മൂന്നിനു തിരുവനന്തപുരം, അഞ്ചിന് ആലപ്പുഴ എന്നിവിടങ്ങളിലും റാലികളുണ്ട്.