KSDLIVENEWS

Real news for everyone

അവധിത്തിരക്ക്: മലബാറിലെ യാത്രക്കാർക്ക് നാട്ടിലേക്ക് പോകാനും മടങ്ങാനും ട്രെയിനും ബസും ഫുൾ; 800–900 രൂപയുള്ള ടിക്കറ്റുകൾ 1400 രൂപ മുതൽ മുകളിലേക്ക്

SHARE THIS ON

കാഞ്ഞങ്ങാട്: അവധിയുണ്ടോ, വടക്കൻ മലബാറിലെ യാത്രക്കാർക്ക് ദുരിതകാലമാണ്.  നാട്ടിലേക്ക് പോകാനും മടങ്ങാനും ട്രെയിനും ബസും കിട്ടാത്ത അവസ്ഥയ്ക്ക് ഇത്തവണയും മാറ്റമില്ല. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകളെല്ലാം അടുത്ത 3 ദിവസത്തോളം വെയ്റ്റിങ് ലിസ്റ്റ് 100ലെത്തി നിൽക്കുന്നു. മലബാർ എക്സ്പ്രസിൽ ഇന്ന് സ്ലീപ്പറിൽ വെയ്റ്റിങ് ലിസ്റ്റ് 251 എത്തിയിട്ടുണ്ട്. തൽക്കാലും പ്രീമിയം തൽക്കാലും അധിക തുക നൽകാൻ തയാറായാൽ പോലും ആവശ്യത്തിനു കിട്ടാത്ത സാഹചര്യമാണ് നിലവിൽ. നാളെയും മറ്റന്നാളും തെക്കൻ ജില്ലകളിലേക്കു യാത്ര ചെയ്യേണ്ടവർ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ നല്ല രീതിയിൽ പ്രയാസപ്പെടുമെന്നുറപ്പ്.  കെഎസ്ആർടിസി ബസ് സർവീസുകളുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. ദീർഘ ദൂര സ്വകാര്യ ബസുകൾ പതിവു പോലെ തിരക്ക് കാലത്ത് നിരക്ക് വർധിപ്പിച്ച് യാത്രാദുരിതം ചൂഷണം ചെയ്യുന്നുണ്ട്. 800–900 രൂപയുള്ള ടിക്കറ്റുകൾ 1400 രൂപ മുതൽ മുകളിലേക്കാണ് ഇന്നു മുതൽ ഏതാനും ദിവസങ്ങളിൽ. സെമസ്റ്റർ ക്ലാസുകളായതിനാൽ കോളജ് വിദ്യാർഥികൾക്കും കൃത്യമായി ഏപ്രിൽ – മേയ് അവധി ലഭിക്കാറില്ല.  ഉയർന്ന നിരക്ക് നൽകി വീട്ടിലെത്തി മടങ്ങാൻ വിദ്യാർഥികൾക്കാണ് ഏറ്റവും പ്രയാസം. ബെംഗളൂരു ഭാഗത്തേക്കുള്ള ബസ് നിരക്കുകളിലും വലിയ വർധനയുണ്ട്. മംഗളൂരുവിൽ നിന്നു പോകുന്ന സ്വകാര്യ ബസുകൾ പോലും നിരക്കിൽ മാറ്റം വരുത്തി. കഴിഞ്ഞ ബുധനാഴ്ച റമസാനും ഇന്ന് വിഷുവും വന്നതോടെയാണ് പൊതുഗതാഗത മാർഗങ്ങളിൽ യാത്രക്കാരുടെ തിരക്കേറിയത്. സാധാരണ ദിവസങ്ങളിൽ തന്നെ വടക്കൻ കേരളത്തിലെ ട്രെയിനുകളിൽ കനത്ത തിരക്കിൽ വലഞ്ഞാണ് യാത്രക്കാർ പോകുന്നത്. അധിക കോച്ചുകൾ ഉൾപ്പെടെ ഒരു പരിഹാര മാർഗവും തിരക്കുള്ള ദിനങ്ങളിൽ റെയിൽവേ സ്വീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!