KSDLIVENEWS

Real news for everyone

ചോരമണം മാറും മുമ്പേ മാല പണയംവെച്ച് ജില്ല വിട്ടു, അടിമാലിയിലെ വയോധികയുടെ കൊലപാതകം: കുരുക്കായി OTP; 24 മണിക്കൂറിനുള്ളിൽ പ്രതികൾ അകത്ത്

SHARE THIS ON

ഇടുക്കി: അടിമാലിയില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി പോലീസ്. അടിമാലി കുര്യന്‍സ് ആശുപത്രി റോഡില്‍ താമസിക്കുന്ന ഫാത്തിമ കാസിം(70)നെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലാണ് കൊല്ലം കിളികൊല്ലൂര്‍ സ്വദേശികളായ കെ.ജെ.അലക്‌സ്, കവിത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പാലക്കാട്ടുനിന്നാണ് രണ്ടുപ്രതികളെയും പിടികൂടിയത്.


ശനിയാഴ്ച വൈകിട്ടാണ് ഫാത്തിമ കാസിമിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് വീട്ടിലെത്തിയ മകനാണ് രക്തംവാര്‍ന്നനിലയില്‍ ഫാത്തിമയുടെ മൃതദേഹം ആദ്യം കണ്ടത്. ഫാത്തിമയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. വീടിനുള്ളില്‍ മുളകുപൊടിയും വിതറിയിരുന്നു.


മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ പോലീസിന് വ്യക്തമായി. തുടര്‍ന്ന് നാട്ടുകാരുടെ മൊഴികളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയാനായത്. വയോധികയെ കൊലപ്പെടുത്തി മോഷ്ടിച്ച സ്വര്‍ണമാല ഇരുവരും അടിമാലിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയംവെച്ചതും അന്വേഷണത്തില്‍ നിര്‍ണായകമായി.

വീട് വാടകയ്‌ക്കെടുക്കാനെന്ന വ്യാജേനയാണ് പ്രതികളായ രണ്ടുപേരും അടിമാലിയില്‍ എത്തിയതെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച പകല്‍ 11 മണിക്കും നാലുമണിക്കും ഇടയിലാണ് ഇവര്‍ ഫാത്തിമ കാസിമിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. ഫാത്തിമ ധരിച്ചിരുന്ന സ്വര്‍ണമാലയായിരുന്നു പ്രതികളുടെ ലക്ഷ്യം. കൃത്യം നടത്തിയശേഷം വീടിനുള്ളില്‍ മുളകുപൊടി വിതറി തെളിവ് നശിപ്പിക്കാനും ഇവര്‍ ശ്രമിച്ചു.

മോഷ്ടിച്ച സ്വര്‍ണമാല അന്നേദിവസം വൈകിട്ട് തന്നെ പ്രതികള്‍ പണയംവെച്ചിരുന്നു. അടിമാലിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നാണ് മാല പണയംവെച്ച് പണം വാങ്ങിയത്. തുടര്‍ന്ന് ഇരുവരും ജില്ല വിട്ടു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇരുവരും ധനകാര്യ സ്ഥാപനത്തിലെത്തിയെന്ന്‌ വ്യക്തമായി. എന്നാല്‍, മാല പണയംവെക്കാനായി പ്രതികള്‍ നല്‍കിയും പേരും വിലാസവും ഉള്‍പ്പെടെ വ്യാജമായിരുന്നു. പക്ഷേ, പണയംവെയ്ക്കുമ്പോള്‍ ഒ.ടി.പി. ലഭിക്കാനായി ഇവര്‍ നല്‍കിയ മൊബൈല്‍നമ്പര്‍ ഇവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഈ മൊബൈല്‍നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ടുനിന്ന് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!