പുതിയ ഭരണഘടന ഉണ്ടാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം’; ബിജെപി എംപിയുടെ പ്രസംഗം വിവാദത്തില്‍

രാജ്യത്തിന് പുതിയ ഭരണഘടന ഉണ്ടാക്കാന്‍ സര്‍ക്കാരിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്ന് അയോധ്യയില്‍ നിന്നുള്ള ബിജെപി എം പി ലല്ലു സിംഗ്. കഴിഞ്ഞ ആഴ്ച മില്‍കിപൂര്‍ അസംബ്ലി മണ്ഡലത്തില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. 272 സീറ്റുകള്‍ നേടിയാല്‍ ഒരു കക്ഷിയ്ക്ക് രാജ്യം ഭരിക്കാം. എന്നാല്‍ ആ ഭൂരിപക്ഷം കൊണ്ട് ഭരണഘടന മാറ്റാനാകില്ലെന്ന് ഉള്‍പ്പെടെ ലല്ലു സിംഗ് വിശദീകരിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി അംബേദ്കറിന്റെ ജന്മദിനത്തില്‍ ബിജെപി എം പി പറഞ്ഞതാണെന്ന തലക്കെട്ടിലാണ് വിഡിയോ പ്രചരിക്കുന്നത്. ഭരണഘടനാ മൂല്യങ്ങളെ ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് എം പിയുടെ വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നത്. സംഭവം വിവാദമായതോടെ താന്‍ അതല്ല ഉദ്ദേശിച്ചതെന്നും പുതിയ ഭരണഘടന ഉണ്ടാക്കുമെന്ന് സൂചിപ്പിച്ചത് നാക്കുപിഴയാണെന്നും ലല്ലു സിംഗ് തിരുത്തി. രാജ്യത്തിന്റെ നന്മയ്ക്കായി മോദി വീണ്ടും അധികാരത്തിലേറണമെന്നും ഭരണഘനയില്‍ കൃത്യമായി ഭേദഗതികളുണ്ടാകണമെന്നും ബിജെപിയെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജയിപ്പിക്കണമെന്നും മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
അംബേദ്കര്‍ മടങ്ങിവരികയാണെങ്കില്‍ അദ്ദേഹത്തിന് പോലും നമ്മുടെ ഭരണഘടന മാറ്റാനാകില്ലെന്ന് മോദി തന്നെ പറഞ്ഞിട്ടുണ്ടെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ലല്ലു സിംഗ് സൂചിപ്പിച്ചു. ലല്ലു സിംഗിന്റെ വാക്കുകള്‍ ബിജെപിയ്‌ക്കെതിരായ രാഷ്ട്രീയായുധമാക്കുകയാണ് കോണ്‍ഗ്രസ്. ഭരണഘടന മാറ്റാന്‍ 400 സീറ്റുകള്‍ വേണമെന്ന് ഇപ്പോള്‍ അയോധ്യയില്‍ നിന്നുള്ള ബിജെപി എംപി തുറന്ന് പറയുകയാണ്. മോദിജി ഇവരോട് ക്ഷമിക്കുമോ എന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര എക്‌സിലൂടെ ചോദിച്ചു