മുഴുവന്‍ ഇന്ത്യക്കാർക്കും ഭരണഘടന നൽകുന്ന ഐക്യവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിച്ചു കൊണ്ട് മുന്നോട്ട് പോകണം.
സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ മുഖ്യമന്ത്രി.
തിരുവനന്തപുരം: ബഹുസ്വരതയുടെ വര്‍ണരാജിയായി നമ്മുടെ രാജ്യം തെളിഞ്ഞുയരുന്ന നാളിലേക്ക് നമുക്ക് നീങ്ങാമെന്നും സര്‍വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 74-ാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനൊപ്പം ഇനിയും നമുക്ക് സഞ്ചരിക്കേണ്ടിവരും എന്നാണ് സാഹചര്യങ്ങളും വിദഗ്ധാഭിപ്രായങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നത്. യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കണമെന്ന് കൂടിയാണ് അതിന്റെ അര്‍ത്ഥം. ഭേദ ചിന്തകള്‍ക്ക് അതീതമായി മാനവികത വളര്‍ത്തിയെടുക്കുകയാണ് ഈ കാലഘട്ടത്തിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ ഇന്ത്യാക്കാരുടെയും ഐക്യവും പരസ്പരവിശ്വാസവും ഊട്ടിയുറപ്പിച്ചു കൊണ്ടും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ടും സാമ്രാജ്യത്വ നീക്കങ്ങളെ ചെറുത്തുകൊണ്ടും പൗരാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടും മതനിരപേക്ഷതയെ ശക്തിപ്പെടുത്തിക്കൊണ്ടും പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തില്‍ നമുക്കൊന്നായി കൈകോര്‍ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.