ക്രിക്കറ്റ് ഇതിഹാസം മഹേന്ദർ സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വാർത്ത ഏജൻസിയായ എഎൻഐ ആണ് വാർത്ത പുറത്ത് വിട്ടത്. 2007 മുതൽ 2016 വരെ ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു. 2008 മുതൽ 2014 വരെ ടെസ്റ്റ് ടീമിന്റെ സാരഥ്യം വഹിച്ചു. ക്യാപ്റ്റൻ ആയിരുന്ന കാലയളവിൽ എല്ലാ ഐസിസി കിരീടങ്ങളും ചൂടിയ ക്യാപ്റ്റൻ എന്ന ഖ്യാതി ധോണിയുടെ പേരിലാണ്. ഏകദിന ക്രിക്കറ്റിൽ പതിനായിരത്തിൽ പരം റൺസ് നേടിയ ധോണി ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ്. ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ എന്ന പട്ടവും ധോണി നേടിയെടുത്തു. 2007ൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരവും, 2009ൽ പത്മശ്രീ പുരസ്കാരവും 2018ൽ പത്മഭൂഷൺ പുരസ്കാരവും ധോണിയെ തേടിയെത്തി.കരസേന ലൂറ്റിനൻറ് കേണൽ പദവി നൽകി ആദരിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന ധോണി 2003ലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തുന്നത്.