ഹിജാബ് ധരിക്കുന്നത് സമൂഹത്തിന് ദോഷകരമാകുന്നത് എങ്ങനെ? സുപ്രിംകോടതിയില്‍ വാദം

ന്യൂഡല്‍ഹി: ഒരാള്‍ ഹിജാബ് ധരിക്കുന്നത് പൊതുസമൂഹത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. വസ്ത്രം ഓരോരുത്തരുടെയും സംസ്‌കാരിക വൈവിധ്യത്തിന്റെ അടയാളമാണ് എന്ന് സുപ്രിംകോടതിയിലെ ഹിജാബ് കേസ് വാദത്തനിടെ സിബല്‍ പറഞ്ഞു.
‘നമ്മുടെ പാരമ്ബര്യവും തത്വശാസ്ത്രവും ഭരണഘടനയും സഹിഷ്ണുതയാണ് പഠിപ്പിക്കുന്നത്. അതില്‍ വെള്ളം ചേര്‍ക്കരുത്. ഹിജാബ് ആര്‍ട്ടിക്കിള്‍ 29ന് കീഴിലുള്ള സംസ്‌കാരിക അവകാശമാണ്. കാവി ഷാള്‍ ധരിച്ച വിദ്യാര്‍ത്ഥികളാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. പ്രശ്‌നമുണ്ടാക്കി സര്‍ക്കാറിനെ കൊണ്ട് നടപടി എടുപ്പിക്കുകയായിരുന്നു. സംസ്‌കാരിക വൈവിധ്യത്തെ സംരക്ഷിക്കേണ്ടത് മൗലിക കടമയാണ്.’ – സിബില്‍ പറഞ്ഞു.
ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ കര്‍ണാടക ഹൈക്കോടതി വിധി ശരിവച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും സിബല്‍ ഓര്‍മിപ്പിച്ചു. ‘ചില സംസ്ഥാനങ്ങള്‍ ഉത്തരവ് പിന്തുടരും. ഞാന്‍ രാഷ്ട്രീയ വാദം നടത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ദേശീയ പ്രത്യാഘാതം വളരെ വലുതായിരിക്കും. ക്ലാസുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്ബാണ് പെണ്‍കുട്ടികള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് വാങ്ങി വിദ്യാലയങ്ങള്‍ വിട്ടത്. ആകെയുള്ള തൊള്ളായിരം കുട്ടികളും ഹിജാബ് ധരിക്കുന്നവര്‍ ആകണമെന്നില്ല. എന്നാല്‍ ഹിജാബ് ധരിക്കുന്നവരുടെ ശതമാനമെടുത്താല്‍ കൂടുതലായിരിക്കും. ഡെക്കാന്‍ ഹെറാള്‍ഡിന് ലഭിച്ച വിവരാവകാശ രേഖ പ്രകാരം 900 മുസ്‌ലിം കുട്ടികളില്‍ 145 പേര്‍ ദക്ഷിണ കന്നഡയിലെ സ്ഥാപനങ്ങളില്‍ നിന്ന് ടിസി വാങ്ങിപ്പോയിട്ടുണ്ട്’ – സിബല്‍ പറഞ്ഞു.
വസ്ത്രം ഓരോരുത്തരുടെയും സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് എന്നും അദ്ദേഹം വാദിച്ചു. ‘ഈ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ യൂണിഫോമിലാണ് വരുന്നതെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. ഡ്രസ് കോഡിന്റെ ലംഘനം ഉണ്ടായിട്ടില്ല. അതിനപ്പുറത്തുള്ളതാണ് ധരിക്കുന്നത്. അതെന്താണ് കാണിക്കുന്നത്. എന്റെ സംസ്‌കാരത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. പൊതു ക്രമത്തിനോ ധാര്‍മികതയ്‌ക്കോ അത് പോറലേല്‍പ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കത് നിര്‍ത്തിവയ്പ്പിക്കാം. ഞാന്‍ മിനി സ്‌കര്‍ട്ടിലാണ് സ്‌കൂളില്‍ പോകുന്നതെങ്കില്‍ സ്‌കൂളിന് അത് തടയാം. എന്നാല്‍ ഹിജാബ് എങ്ങനെയാണ് പൊതുക്രമത്തെ ബാധിക്കുന്നത്’- അദ്ദേഹം ചോദിച്ചു.
കര്‍ണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളജുകളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. വിദ്യാര്‍ത്ഥികളുടേതടക്കം 23 ഹര്‍ജികളാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധുലിയ എന്നിവര്‍ അടങ്ങുന്ന ബഞ്ചിന് മുമ്ബിലുള്ളത്. മാര്‍ച്ച് 15നായിരുന്നു ഹിജാബ് വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി.

