KSDLIVENEWS

Real news for everyone

‘എല്ലാം അവരുടെ തീരുമാനം, ഞാന്‍ അറിഞ്ഞത് ഏറ്റവും ഒടുവില്‍; തുറന്നടിച്ചു കോഹ്ലി

SHARE THIS ON

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം നായക സ്ഥാനത്തു നിന്നു തന്നെ നീക്കുന്നത് സംബന്ധിച്ചു നേരത്തെ ചര്‍ച്ചകള്‍ നടത്തിയെന്ന ബി.സി.സി.ഐ. വാദങ്ങള്‍ തള്ളി വിരാട് കോഹ്ലി. തന്നോട് ഇതേക്കുറിച്ച്‌ നേരത്തെ സംസാരിച്ചിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസറ്റ് ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്ബാണ് സെലക്ടര്‍മാര്‍ തന്നോട് ഇതേക്കുറിച്ചു വെളിപ്പെടുത്തിയതെന്നും കോഹ്ലി പറഞ്ഞു.

ഇന്നു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്ബരയില്‍ താന്‍ കളിക്കില്ലെന്ന വാര്‍ത്തകള്‍ അസത്യമാണെന്നും ടീം സെലക്ഷന് താന്‍ തയാറാണെന്നും കോഹ്ലി വ്യക്തമാക്കി. അതേസമയം താനും രോഹിത് ശര്‍മയും തമ്മില്‍ ശീതയുദ്ധത്തിലാണെന്ന പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞ കോഹ്ലി വിവാദങ്ങള്‍ക്ക് എല്ലാം തിരശീലയിടുകയും ചെയ്തു.

നേരത്തെ കോഹ്ലിയെ ഏകദിന നായകസ്ഥാനത്തു നിന്നു നീക്കിയത് അദ്ദേഹവുമായി കൂടിയാലോചിച്ച ശേഷമാണെന്നാണ് ബി.സി.സി.ഐ. അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഗാംഗുലി പറഞ്ഞത് അസത്യമാണെന്നാണ് കോഹ്ലി വെളിപ്പെടുത്തുന്നത്.

”ട്വന്റി 20 ക്രിക്കറ്റ് ടീം നായക സ്ഥാനം രാജിവച്ച ശേഷം ഏകദിന ടീമിന്റെ നായകസ്ഥാനം സംബന്ധിച്ചു തന്നോട് ആരം സംസാരിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ യോഗം ചേരുന്നതിനു ഒരു മണിക്കൂര്‍ മുമ്ബാണ് എനിക്ക് ഫോണ്‍കോള്‍ വരുന്നത്. സംഭാഷണം അവസാനിപ്പിക്കവേയാണ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കുന്നതായി എന്നോട് അവര്‍ പറയുന്നത്. ഓക്കെ ഫൈന്‍ എന്നായിരുന്നു എന്റെ മറുപടി. യോഗം ചേര്‍ന്നതിനു ശേഷം ഞങ്ങള്‍ അല്‍പം സംസാരിച്ചു. അല്ലാതെ മറ്റൊരു തരത്തിലുമുള്ള കൂടിയാലോചനകള്‍ നടന്നിട്ടില്ല. എന്നെ മുന്‍കൂര്‍ അറിയിച്ചിരുന്നുമില്ല”- കോഹ്ലി പറഞ്ഞു.

ട്വന്റി 20 ക്രിക്കറ്റ് ടീം നായക സ്ഥാനത്തു നിന്നു രാജിവയ്ക്കരുതെന്നും തുടരണമെന്നു താന്‍ കോഹ്ലിയോട് ആവശ്യപ്പെട്ടുവെന്ന ഗാംഗുലിയുടെ വാദത്തെയും കോഹ്ലി ഖണ്ഡിച്ചു. താന്‍ രാജി വയ്ക്കുകയാണ് എന്ന് അറിയിച്ചപ്പോള്‍ എങ്കില്‍ ശരി ആയിക്കോട്ടെ എന്ന നിലപാടാണ് അവര്‍ കൈക്കൊണ്ടതെന്നും ആരും തുടരാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഏകദിന-ടെസ്റ്റ് ടീമിന്റെ നായകനായി തുടരാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും കോഹ്ലി തുറന്നുപറഞ്ഞു.

രോഹിത് ശര്‍മയുടെ കീഴില്‍ കളിക്കുന്നതില്‍ തനിക്കു വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ഏകദിന പരമ്ബരയ്ക്കുള്ള ടീമില്‍ താനുമുണ്ടാകുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായി ചില ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താന്‍ അവധിക്ക് അപേക്ഷിച്ചെന്ന വാര്‍ത്ത ആരോ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

രോഹിത് ഒരു മികച്ച നായകനാണെന്നും ഇന്ത്യക്കായും ഐ.പി.എല്ലിലും മികച്ച നായകപാടവം കാട്ടിയയാളാണ് രോഹിതെന്നും സീനിയര്‍ താരമെന്ന നിലയില്‍ രോഹിതിന്റെ പുതിയ ദൗത്യത്തില്‍ എല്ലാ പിന്തുണയുമായി ടീമില്‍ ഒപ്പമുണ്ടാകുമെന്നും കോഹ്ലി വ്യക്തമാക്കി.

നായകനെന്ന നിലയില്‍ മികച്ച റെക്കോഡ് ഉണ്ടായിട്ടും തന്നെ നായക സ്ഥാനത്തു നിന്നു നീക്കിയ സാഹചര്യം തനിക്കു നന്നായി മനസിലാകുമെന്നും ഐ.സി.സി. ടൂര്‍ണമെന്റുകളിലൊന്നിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് കിരീടം നേടാനായിട്ടില്ലെന്നത് താന്‍ മനസിലാക്കുന്നുവെന്നും പറഞ്ഞ കോഹ്ലി താന്‍ ക്രിക്കറ്റ് കളിക്കുന്നിടത്തോളം കാലം ടീം ഇന്ത്യക്കു ദോഷകരമായ ഒരു കാര്യത്തിലും ഇടപെടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!