KSDLIVENEWS

Real news for everyone

2018 ആവര്‍ത്തിക്കാന്‍ ഫ്രഞ്ച് പട: പകരം വീട്ടാന്‍ മെസിയും സംഘവും: ഫൈനലില്‍ തീപാറും പോരാട്ടം

SHARE THIS ON

ദോഹ: ലോകകപ്പില്‍ ഒരിക്കല്‍ കൂടി അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍ വരുന്നു. ഇത്തവണ കലാശപ്പോരിലാണ് ഇരുടീമുകളും മുഖാമുഖം വരുന്നത്. മൂന്നാം കിരീടമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. ഖത്തര്‍ ലോകകപ്പിലെ അവസാന അങ്കത്തിന്റെ ചിത്രം തെളിഞ്ഞിരിക്കുന്നു. 32 ടീമുകള്‍ രണ്ടായി ചുരുങ്ങുമ്ബോള്‍ അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍. ഇനി അങ്കം മെസിയും എംബാപയും തമ്മില്‍.

കിരീടം നിലനിര്‍ത്തുകയാണ് ഫ്രഞ്ച് ലക്ഷ്യം. അത് ഒരു ജയം അകലെയാണ്. ഫൈനലിലേക്ക് എത്തുമ്ബോള്‍ എതിരാളികള്‍ അര്‍ജന്റീന. മെസിയും അനുചരന്‍മാരും ചില്ലറക്കാരല്ലെന്ന് അറിയാം ഫ്രഞ്ച് പടയ്ക്ക്. സെമിയില്‍ നിന്ന് പഠിക്കാനുണ്ട് ദഷാംപ്സിന്. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയെ വീഴ്ത്തിയെന്ന ആത്മവിശ്വാസത്തെ ഇത്തവണ കൂട്ട് പിടിക്കാനാകില്ല. ഇത് ആ സംഘമല്ല. അടിമുടി മാറി എന്തിനും പോന്നവരായി മാറിയിരിക്കുന്നു നീലപ്പട.

അതേസമയം കണക്ക് പറഞ്ഞ് വീട്ടാനുള്ള അവസരമാണ് അര്‍ജന്റീനക്കിത്. ഒപ്പം ലയണല്‍ മെസിക്ക് ലോകകിരീടവും. സ്കലോണിയുടെ സംഘത്തിനും അവസാന അങ്കം കടുപ്പമേറിയതാണ്. കണക്കിലും കളത്തിലും കരുത്തരാണ് ഫ്രഞ്ച് ടീം. പക്ഷേ വിജയത്തിനായി ദാഹിക്കുന്ന സംഘമായി മാറിയ മെസ്സിക്കും കൂട്ടര്‍ക്കും അത് പ്രശ്നമല്ല. എന്‍സോയും അല്‍വാരസും പോലെയുള്ള നവമുകുളങ്ങള്‍ ഏത് നിമിഷവും പ്രഹരിക്കാന്‍ ശേഷിയുള്ളവര്‍.

സ്കലോണിയെന്ന തന്ത്രജ്ഞന്‍ ഒരുക്കുന്ന പദ്ധതികള്‍ അണുവിട വ്യതിചലിക്കാതെ പൊരുതുന്ന ആല്‍ബിസെലസ്റ്റകള്‍ എന്തിനും പോന്ന കൂട്ടമാണ്. ആദ്യ തോല്‍വിയില്‍ നിന്ന് അടിമുടി ഉയര്‍ത്തെഴുന്നേറ്റ അവരത് തെളിയിച്ചുകഴിഞ്ഞു. ക്രൊയേഷ്യയെ തോല്‍പിച്ചാണ് അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലൂക്ക മോഡ്രിച്ചിന്റെ സംഘത്തിനെ മെസിപ്പട കീഴടക്കിയത്. 2018ല്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ കളിയാരാധകരെ ആവേശത്തിലാക്കിയിരുന്നു. ഏഴ് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഫ്രാന്‍സ് ജയിച്ചുകയറി(4-3).

ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഓരോ തോല്‍വി വഴങ്ങിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. അര്‍ജന്റീന, സൗദി അറേബ്യയോടും ഫ്രാന്‍സ് ടുണീഷ്യയോടുമായിരുന്നു തോല്‍വി ഏറ്റുവാങ്ങിയത്. അതേസമയം അര്‍ജന്‍റീനയെ വീഴ്ത്തി ലോകകിരീടം നേടിയാല്‍ ഫ്രാന്‍സിനെ കാത്തിരിക്കുന്ന മറ്റൊരു അതുല്യ നേട്ടം കൂടിയുണ്ട്. 60 വര്‍ഷത്തിനിടെ ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ രാജ്യമെന്ന നേട്ടമാകും ഫ്രാന്‍സിനെ തേടിയെത്തുക. ഞായറാഴ്ച രാത്രി ഇന്ത്യന്‍ സമയം 8.30ന് ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ കലാശപ്പോര്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!