പാമ്പാടിയിലെ ജ്വല്ലറി മോഷണം; പിടിയിലായത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി

കോട്ടയം: പാമ്പാടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍. കൂട്ടിക്കല്‍ ടോപ്പ് സ്വദേശി അജീഷാണ് പാമ്പാടി പോലീസിന്റെ പിടിയിലായത്. കറുകച്ചാലിലും സമാനമായ രീതിയില്‍ മോഷണം നടത്തിയത് ഇയാളാണെന്ന് പോലീസ് പറഞ്ഞു .
കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കടബാധ്യതകള്‍ പരിഹരിക്കാനും മാതാപിതാക്കളെ പരിചരിക്കാന്‍ ഉള്ള പണം കണ്ടെത്താനുമാണ് മോഷണം നടത്തിയത് എന്നാണ് അജീഷിന്റെ കുറ്റസമ്മതം.കൂട്ടിക്കലില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അജീഷ്. മോഷണത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു അജീഷ് എന്നും പോലീസ് പറയുന്നു.
പാമ്പാടിയിലെ കയ്യാലപ്പറമ്പില്‍ ജൂവലറിയില്‍ നിന്നും നാലരപവന്റെ സ്വര്ണമാലയുമായിട്ടാണ് ഇയാള്‍ കടന്ന് കളഞ്ഞത്.
സ്വര്‍ണ മാലകളുമായി ഓടി രക്ഷപ്പെടുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

