വിഷ്ണു പ്രിയയുടെ കൊലപാതകത്തിന് കാരണം പ്രണയനൈരാശ്യമെന്ന് കുറ്റപത്രം

കണ്ണൂര്‍: പാനൂരിലെ കൊലപാതകം നടത്തിയത് പ്രതി ശ്യാംജിത്ത് ഒറ്റയ്ക്കാണെന്നും ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൃത്യം നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. തലശ്ശേരി എസിജിഎം കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ 22 നാണ് പാനൂര്‍ വള്ള്യായി സ്വദേശിനി വിഷ്ണുപ്രിയയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തീകരിച്ച പാനൂര്‍ പൊലീസ് തലശ്ശേരി എ സി ജെ എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൂത്തുപറമ്ബ് മാനന്തേരി സ്വദേശിയായ 23-കാരന്‍ ശ്യാംജിത്ത് മാത്രമാണ് കേസിലെ പ്രതി. കൊലപാതകം ശ്യാംജിത്ത് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് കുറ്റപത്രം പറയുന്നു.
ശ്യാംജിത്തും വിഷ്ണുപ്രിയയും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ശ്യാംജിത്തിന്റെ പ്രണയം വിഷ്ണുപ്രിയ നിഷേധിച്ചതാണ് പകക്ക് കാരണം. വിപുലമായ ആസൂത്രണം നടത്തിയാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. കൊല നടത്താനായി എത്തിയ പ്രതിയെ വീഡിയോ കോളിലൂടെ കണ്ട വിഷ്ണുപ്രിയയുടെ സുഹൃത്താണ് കേസിലെ പ്രധാന സാക്ഷി. 75 ഓളം സാക്ഷികള്‍ കേസിനുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളടക്കം 20 തൊണ്ടിമുതലുകളും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷ്ണുപ്രിയയുടെ ശരീരത്തില്‍ 18 ഓളം മുറിവുകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. കഴുത്ത് 75ശതമാനം അറ്റുതൂങ്ങിയ നിലയിലായിരുന്നു. കൃത്യത്തിന്റെ ക്രൂരത വെളിവാക്കുന്നതാണ് ഇതെന്ന് കുറ്റപത്രം പറയുന്നു.

