KSDLIVENEWS

Real news for everyone

കാര്യവട്ടത്ത് ചരിത്രം പിറന്നു; ലങ്ക 73ന് പുറത്ത്, ഏകദിനത്തിലെ റെക്കോർഡ് വിജയം കുറിച്ച് ഇന്ത്യ

SHARE THIS ON


തിരുവനന്തപുരം ∙ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചരിത്രം രചിച്ച് ഇന്ത്യൻ വിജയഗാഥ. ഇന്ത്യയുടെ പരമ്പര നേട്ടത്തോടെ ഫലം അപ്രസക്തമായി മാറിയെങ്കിലും, തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനം ഇനി ചരിത്രത്തിന്റെ ഭാഗം. രാജ്യാന്തര ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമെന്ന റെക്കോർഡുമായി ഇന്ത്യ ശ്രീലങ്കയെ വീഴ്ത്തിയത് 317 റൺസിന്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 390 റൺസ്. ശ്രീലങ്കയുടെ മറുപടി 22 ഓവറിൽ വെറും 73 റൺസിന് അവസാനിച്ചു. 168 പന്തുകൾ ബാക്കിയാക്കിയാണ് ഇന്ത്യ കൂറ്റൻ വിജയം സ്വന്തമാക്കിയത്.
സെഞ്ചറി നേടിയ വിരാട് കോലിയാണ് കളിയിലെ കേമനും പരമ്പരയിലെ താരവും. റൺ അടിസ്ഥാനത്തിൽ രാജ്യാന്തര ഏകദിനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 2008 ജൂലൈ ഒന്നിന് അയർലൻഡിനെതിരെ ന്യൂസീലൻഡ് നേടിയ 290 റൺസിന്റെ വിജയമാണ് പിന്നിലായത്. ഇതിനു മുൻപ് ഇന്ത്യ നേടിയ ഏറ്റവും വലിയ വിജയം ബെർമുഡയ്‌ക്കെതിരെയാണ്. 2007 മാർച്ച് 19ന് നടന്ന മത്സരത്തിൽ ജയിച്ചത് 257 റൺസിന്.

10 ഓവറിൽ 32 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ബോളർമാർ ശ്രീലങ്കയെ എറിഞ്ഞിട്ടത്. മുഹമ്മദ് ഷമി ആറ് ഓവറിൽ 20 റൺസ് വഴങ്ങിയും കുൽദീപ് യാദവ് അഞ്ച് ഓവറിൽ 16 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.


ഇന്ത്യ ഉയർത്തിയ 391 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേർ മാത്രമാണ്. അതിൽ 27 പന്തിൽ നാലു ഫോറുകൾ സഹിതം 19 റൺസെടുത്ത ഓപ്പണർ നുവാനിന്ദു ഫെർണാണ്ടോ ടോപ് സ്കോററായി. രണ്ടക്കം കണ്ട രണ്ടാമൻ 19 പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസുമായി പുറത്താകാതെ നിന്ന കസൂൻ രജിത. മൂന്നാമൻ 26 പന്തിൽ രണ്ടു ഫോറുകളോടെ 11 റൺസെടുത്ത ക്യാപ്റ്റൻ ദസുൻ ഷനക.

ഓപ്പണർ ആവിഷ്ക ഫെർണാണ്ടോ (നാലു പന്തിൽ ഒന്ന്), കുശാൻ മെൻഡിസ് (ഏഴു പന്തിൽ നാല്), ചാരിത് അസാലങ്ക (നാലു പന്തിൽ ഒന്ന്), വാനിന്ദു ഹസരംഗ (ഏഴു പന്തിൽ ഒന്ന്), ചാമിക കരുണരത്‌നെ (ആറു പന്തിൽ ഒന്ന്), ദുനിത് വെല്ലാലഗെ (13 പന്തിൽ മൂന്ന്), ലഹിരു കുമാര (19 പന്തിൽ 9) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഫീൽഡിങ്ങിനിടെ പരുക്കേറ്റ ആഷെൻ ഭണ്ഡാര ബാറ്റിങ്ങിന് ഇറങ്ങിയില്ല.”
.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!