രക്തത്തിൽ കുളിച്ച സെയ്ഫിനെ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോറിക്ഷയിൽ; കൂടെ മകൻ ഇബ്രാഹിം
മുംബൈ: വീട്ടിൽവച്ചു പുലർച്ചെ അക്രമിയുടെ കുത്തേറ്റു മാരകമായി പരുക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോറിക്ഷയിൽ. മൂത്ത മകനും നടനുമായ ഇബ്രാഹിമാണു സെയ്ഫിനെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിലേക്കു കൊണ്ടുപോയത്.
ഗുരുതരമായി പരുക്കേറ്റു രക്തം വാർന്ന പിതാവിനെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനാണ് ഇബ്രാഹിം ഓട്ടോറിക്ഷ വിളിച്ചത് എന്നാണു റിപ്പോർട്ട്. വീട്ടിലെ കാറെടുത്തു പോകാനായില്ലെന്നും ടാക്സി വിളിച്ചു സമയം കളയേണ്ടെന്നും കരുതിയാണ് ഓട്ടോ വിളിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. ബാന്ദ്രയിലെ വീട്ടിൽനിന്ന് 2 കിലോമീറ്റർ അകലെയാണ് ആശുപത്രി. ഓട്ടോയിൽ ഇബ്രാഹിമും സെയ്ഫുമാണ് ഉണ്ടായിരുന്നത്. ഭാര്യയും നടിയുമായ കരീന കപൂർ ഖാൻ ആശുപത്രിയിൽ ഓട്ടോയ്ക്കു സമീപംനിന്നു വീട്ടിലെ ജീവനക്കാരുമായി സംസാരിക്കുന്ന വിഡിയോ പുറത്തുവന്നു. കരീന വന്നിറങ്ങിയ ഓട്ടോയാണ് ഇതെന്നും റിപ്പോർട്ടുണ്ട്. ആക്രമണത്തിനു തൊട്ടുപിന്നാലെയാണ് ഇതെന്നാണു നിഗമനം.
54 വയസ്സുകാരനായ സെയ്ഫിന് ആറു കുത്തേറ്റിട്ടുണ്ട്. നട്ടെല്ലിനു സമീപവും കഴുത്തിലും ആഴത്തിൽ പരുക്കേറ്റു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ സെയ്ഫ് അപകടനില കടന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. സെയ്ഫിന്റെ കുടുംബത്തിലെ മറ്റാർക്കും പരുക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹത്തിന്റെ ടീം അറിയിച്ചു. മോഷണശ്രമത്തിനിടെ ഉണ്ടായ ആക്രമണമാണോ എന്നതടക്കം പരിശോധിക്കുകയാണെന്നു പൊലീസ് വ്യക്തമാക്കി.
മുംബൈയിലെ ഏറ്റവും സമ്പന്ന മേഖലയിലുണ്ടായ ആക്രമണം ബോളിവുഡിൽ പരിഭ്രാന്തി പരത്തി. ഇത്രയും അരക്ഷിതത്വം മുൻപു തോന്നിയിട്ടില്ലെന്നും ബാന്ദ്രയിൽ കൂടുതൽ പൊലീസ് സാന്നിധ്യം വേണമെന്നും നടി പൂജാ ഭട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനോട് അഭ്യർഥിച്ചു. താരങ്ങൾപോലും ആക്രമിക്കപ്പെടുന്നെങ്കിൽ സാധാരണ മുംബൈക്കാർ എത്ര സുരക്ഷിതരാണെന്ന ചോദ്യവുമായി സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.