KSDLIVENEWS

Real news for everyone

അൾട്രാ ആശങ്ക: മാർച്ചിലും ഏപ്രിലിലും പതിവില്ലാത്ത വിധം കടുത്ത വരൾച്ചയ്ക്കും ഉയർന്ന ചൂടിനും സാധ്യത

SHARE THIS ON

തിരുവനന്തപുരം: വേനൽ കടുക്കുന്നതിനു മുൻപേ സംസ്ഥാനത്തു സൂര്യാതപവും അൾട്രാ വയലറ്റ് (യുവി) വികിരണവും റെക്കോർഡ് നിലയിലേക്ക്. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടാറുള്ള ഉയർന്ന യുവി സൂചിക ഇത്തവണ ഫെബ്രുവരി പകുതിയോടെ തന്നെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തി. സൂചിക 8നു മുകളിലേക്ക് എത്തുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ഭൂമധ്യരേഖയോടു ചേർന്നുകിടക്കുന്നതിനാൽ കേരളത്തിൽ പൊതുവേ യുവി വികിരണ നിരക്കു കൂടുതലാണ്. എന്നാൽ ഇത്തവണ ഇത് ആശങ്കയ്ക്ക് ഇടയാക്കുന്ന വിധം ഉയർന്നതാണ്.

മുൻ വർഷങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ യുവി സൂചിക 5-7 എന്ന മിതമായ പരിധിയിലാണ് അനുഭവപ്പെട്ടിരുന്നത്. മാർച്ച് പകുതിക്കു ശേഷമാണ് സൂചിക 10 കടക്കാറുള്ളത്. ഇത്തവണ ഫെബ്രുവരിയിൽ തന്നെ പലയിടങ്ങളിലും സൂചിക 8–9 ആയി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പതിവില്ലാത്ത വിധം കടുത്ത വരൾച്ചയ്ക്കും ഉയർന്ന ചൂടിനും സാധ്യതയുണ്ട്. മാർച്ചിൽ സൂര്യൻ ഭൂമധ്യരേഖയ്ക്കു നേരെ മുകളിൽ വരുന്നതോടെ വികിരണ തീവ്രത പരമാവധിയിലെത്തും.

എന്തുകൊണ്ട് യുവി സൂചികയിൽ വർധന?
അന്തരീക്ഷത്തിൽ നീരാവി കുറയുമ്പോൾ യുവി വികിരണങ്ങളെ തടയാനോ ചിതറിക്കാനോ കഴിയാതെ വരുന്നു. ഇതേത്തുടർന്ന് നേരിട്ട് ഭൂമിയിലേക്കു പതിക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങൾക്കു മുകളിലെ ഓസോൺ പാളിയുടെ സാന്ദ്രതയിൽ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും യുവി വികിരണം വർധിപ്പിക്കാം. കേരളം ഭൂമധ്യരേഖയ്ക്ക് അടുത്തായതിനാൽ സൂര്യരശ്മികൾ ലംബമായി പതിക്കുന്നതാണു മറ്റൊരു കാരണം. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും പുകയും ചിലപ്പോൾ വികിരണങ്ങളെ ആഗിരണം ചെയ്യാമെങ്കിലും തെളിഞ്ഞ ആകാശമുള്ള ദിവസങ്ങളിൽ ഇവയുടെ പ്രതിരോധം കുറയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!