KSDLIVENEWS

Real news for everyone

ഫ്ലക്സ് ബോർഡ് നിറഞ്ഞ് ജില്ലയിലെ വിവിധ ടൗണുകൾ; കോടതി ഉത്തരവ് നിലനിൽക്കേ രാഷ്ട്രീയ പാർട്ടികൾക്ക് ഇളവുനൽകി തദ്ദേശ സെക്രട്ടറിമാർ

SHARE THIS ON

കാസർകോട്: ഹൈകോടതിയുടെ വ്യക്തവും കർക്കശവുമായ ഉത്തരവുകൾ നിലനിൽക്കെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൊതുയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ നിറയുന്നത് തദ്ദേശ സെക്രട്ടറിമാർക്ക് കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന അവസ്ഥയിലായി. ഇത് മൂന്നാം പ്രാവശ്യമാണ് ഹൈകോടതി ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും പൊതുയിടങ്ങളിൽ സ്ഥാപിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തുന്നത്. രണ്ടാഴ്ച മുമ്പാണ് ഇതുസംബന്ധിച്ച് ഹൈകോടതി കടുത്തഭാഷയിൽ നിരീക്ഷണം നടത്തിയത്. നിയമലംഘനങ്ങൾ തുടരുന്നത് തദ്ദേശഭരണം പരാജയപ്പെടുന്നുവെന്ന സൂചനയാണെന്നുപോലും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചിരുന്നു.

എന്നാൽ, രാഷ്ട്രീയ പാർട്ടികൾ വിവിധ യാത്രകൾ ആരംഭിച്ചതോടെ നാടുനീളെ ഫ്ലക്സ് ബോർഡുകളാലും കൊടിതോരണങ്ങളാലും നിറയുകയാണ്. തദ്ദേശ സെക്രട്ടറിമാരാകട്ടെ, ഹൈകോടതി നിരീക്ഷണം കണ്ടില്ലെന്ന് നടിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. രാഷ്ട്രീയ പാർട്ടികൾ സ്ഥാപിക്കുന്ന ബോർഡുകൾ അഴിച്ചുമാറ്റാനോ പിഴ ഈടാക്കാനോ തദ്ദേശ സെക്രട്ടറിമാർ തയാറുമല്ല. ഇത് കോടതിയലക്ഷ്യമാണെന്നാണ് ജനാഭിപ്രായം.

പൊതുയിടങ്ങളിൽ ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്നും സ്ഥാപിക്കുന്നവർ പിഴക്കും ശിക്ഷക്കും വിധേയമാണെന്നും കോടതി മുമ്പുതന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.

പലസ്ഥലങ്ങളിലും കാൽനടക്കാർക്ക് ഫൂട്പാത്തുകളിലും സീബ്ര ക്രോസിങ്ങുകളിലും തടസ്സം സൃഷ്ടിക്കുന്ന തരത്തിലാണ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നത്. പൊതുസ്ഥലങ്ങൾ കൈയേറുന്ന സംസ്കാരം അവസാനിപ്പിക്കണമെന്നും നവകേരളം എന്ന ആശയം രേഖകളിൽ മാത്രം ഒതുങ്ങരുതെന്നും അത് പൗരന്മാരുടെ മനോഭാവത്തിലും പ്രതിഫലിക്കണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!