KSDLIVENEWS

Real news for everyone

നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴേക്കും മനോജ് കുരുങ്ങിവീണെന്ന് പോലീസ്; പ്രധാനമന്ത്രിക്ക് കത്തയച്ച് എം.എൽ.എ

SHARE THIS ON


കൊച്ചി: പോലീസ് ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴേക്കും വടം കഴുത്തില്‍ കുരുങ്ങി മനോജ് വീഴുന്നതായി സി.സി.ടി.വി. ദൃശ്യങ്ങള്‍. മനോജ് സ്‌കൂട്ടറുമായി അതിവേഗത്തില്‍ വരുന്നതും വടത്തില്‍ കുരുങ്ങി വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മനോജിന് ലൈസന്‍സ് ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ലേണേഴ്സ് മാത്രമാണുണ്ടായിരുന്നത്. അതിന്റെ കാലാവധി കഴിഞ്ഞിരുന്നു.

അതിവേഗത്തിലാണ് വന്നതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണെന്നും സിറ്റി പോലീസ് കമ്മിഷണര്‍ ശ്യാംസുന്ദര്‍ പറഞ്ഞു. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം. വിഷു ദിവസം പനമ്പിള്ളി നഗറില്‍ കൂട്ടുകാരന്റെ അടുത്തുപോയി മടങ്ങിവരുകയായിരുന്നു മനോജ്. കടവന്ത്ര ഭാഗത്തുനിന്ന് സൗത്ത് പാലം ഇറങ്ങി രവിപുരം റോഡിലേക്കു തിരിയാതെ നേരേ പോകുന്നതുകണ്ട് ഉദ്യോഗസ്ഥര്‍ കൈ കാണിച്ചെങ്കിലും മനോജ് സ്‌കൂട്ടര്‍ നിര്‍ത്തിയില്ലെന്ന് പോലീസ് പറഞ്ഞു.


പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി സൗത്ത് പാലം കയറി വരുന്ന വാഹനങ്ങള്‍ നേരിട്ട് എം.ജി. റോഡിലേക്ക് പ്രവേശിക്കാതിരിക്കാനാണ് റോഡിനു കുറുകെ വടം കെട്ടി അടച്ചത്. വടത്തില്‍തട്ടി തലയടിച്ച് റോഡില്‍ വീണ മനോജിനെ പോലീസുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു.

ഏഴു വര്‍ഷമായി പച്ചാളം വടുതല മൂളിക്കണ്ടം ജങ്ഷനു സമീപം വാടകവീട്ടിലാണ് മനോജും കുടുംബവും താമസിച്ചിരുന്നത്. അവിവാഹിതനാണ്. കോര്‍പ്പറേഷന്‍ ശുചീകരണത്തൊഴിലാളിയായ ഉണ്ണിയാണ് മനോജിന്റെ അച്ഛന്‍. അച്ഛന്‍ സുഖമില്ലാതെ ചികിത്സയിലിരിക്കെ നാലുവര്‍ഷം മനോജ് പകരക്കാരനായി കോര്‍പ്പറേഷനില്‍ ജോലിചെയ്തിരുന്നു. സഹോദരി: ചിപ്പി. കളമശ്ശേരി മെഡി. കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു.

കുടുംബത്തെ ഉലച്ച് മനോജിന്റെ വിയോഗം

നിര്‍ധനരായ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കൊച്ചി നഗരത്തില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച മനോജ്. അച്ഛന്‍ ഉണ്ണി കോര്‍പ്പറേഷനിലെ ശുചീകരണത്തൊഴിലാളിയാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ഉണ്ണിക്ക് ജോലിക്കു പോകാന്‍ പറ്റാതെ വരുമ്പോള്‍ മനോജാണ് കുടുംബത്തിനെ സഹായിക്കാന്‍ ഈ ജോലിക്ക് പോയിരുന്നത്.

ഹൃദ്രോഗിയാണ് അമ്മ വിമല. സഹോദരി ചിപ്പി കാക്കനാടാണ് താമസം. പനമ്പിള്ളി നഗറിനു സമീപമായിരുന്നു വീടെങ്കിലും വര്‍ഷങ്ങളായി വടുതലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നതിനിടെയാണ് കുടുംബത്തെ ഉലച്ച് മനോജിന്റെ വിയോഗം.

‘ഒരു റിബണ്‍ എങ്കിലും കെട്ടാമായിരുന്നു’ – മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പി

പോലീസ് റോഡിനു കുറുകെ കയര്‍ കെട്ടിയത് കാണുന്ന രീതിയില്‍ ആയിരുന്നില്ലെന്നും കയര്‍ കെട്ടിയത് കാണുന്നതിനായി അതിനു മുകളില്‍ മുന്നറിയിപ്പായി ഒരു റിബണ്‍ എങ്കിലും കെട്ടിവെയ്ക്കാമായിരുന്നുവെന്നും മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പി പറയുന്നു. റോഡിനു കുറുകെ പോലീസ് നിന്നിരുന്നില്ല. വശങ്ങളില്‍ മാത്രമാണ് പോലീസ് നിന്നിരുന്നത്. റോഡില്‍ വെളിച്ചക്കുറവുണ്ടായിരുന്നു. രാവിലെ വരെയും പ്രദേശത്ത് തെരുവു വിളക്കുകള്‍ കത്തിയിരുന്നില്ല.

വടം കെട്ടിയത് കാണാവുന്ന രീതിയില്‍ – സിറ്റി പോലീസ് കമ്മീഷണര്‍

പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ് വടം കെട്ടിയതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ശ്യാംസുന്ദര്‍ പറഞ്ഞു. സുരക്ഷാ ഭീഷണി നേരിടുന്നയാളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. ഇരുചക്രവാഹനങ്ങളില്‍ സ്ലീപ്പര്‍ സെല്ലുകള്‍ എത്തി ആക്രമിക്കാന്‍ സാധ്യതയുള്ളതിനാലാണ് വടം കെട്ടി തടഞ്ഞത്. വടം കെട്ടിയ സ്ഥലത്ത് ആറ് മീറ്റര്‍ മുന്‍പ് മൂന്നു പോലീസുകാരെ അപകടമുന്നറിയിപ്പ് നല്‍കാന്‍ ചുമതലപ്പെടുത്തിയിരുന്നു.

പോലീസ് നല്‍കിയ അപകട മുന്നറിയിപ്പ് അവഗണിച്ച് നിര്‍ഭാഗ്യവശാല്‍ മനോജ് അമിതവേഗത്തില്‍ നിര്‍ത്താതെ പോയതാണ് അപകട കാരണം. വടം വ്യക്തമായി കാണാവുന്ന രീതിയിലാണ് കെട്ടിയിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മനോജിന്റെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും പോലീസ് വ്യക്തമാക്കി.

പ്രധാനമന്ത്രിക്ക് കത്തയച്ച് ടി.ജെ. വിനോദ് എം.എല്‍.എ.

പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി റോഡിനു കുറുകെ കനം കുറഞ്ഞ പ്ലാസ്റ്റിക് ചരട് കെട്ടിവച്ചതില്‍ തട്ടി സ്‌കൂട്ടര്‍ യാത്രികന്‍ മരിക്കാനിടയായ സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് ടി.ജെ. വിനോദ് എം.എല്‍.എ.

വി.വി.ഐ.പി. സുരക്ഷയെ നിരുത്തരവാദപരമായ തരത്തില്‍ കൈകാര്യം ചെയ്ത് പൊതുജനത്തിന്റെ ജീവനും സ്വത്തിനും നഷ്ടമുണ്ടാക്കിയ ഉദ്യോഗസ്ഥന്മാര്‍ക്കെതിരേ അടിയന്തരമായി ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ച കത്തില്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.

നിര്‍ധന കുടുംബത്തിന് ദുരിതാശ്വാസ നിധിയില്‍നിന്ന് അടിയന്തരമായി 25 ലക്ഷം രൂപയെങ്കിലും അനുവദിക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു.

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണം – മുഹമ്മദ് ഷിയാസ്

പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ പോലീസ് റോഡിന് നടുക്ക് വലിച്ചുകെട്ടിയ കയറില്‍ കുരുങ്ങി യുവാവിന്റെ ജീവന്‍ നഷ്ടപ്പെടാനിടയായത് പോലീസിന്റെ അനാസ്ഥയാണെന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. യുവാവ് അമിത വേഗത്തിലായിരുന്നു എന്നുവരുത്തി വീഴ്ച മറയ്ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി പോലൊരു നഗരത്തില്‍ ആഘോഷദിനത്തില്‍ രാത്രി റോഡിനു നടുവില്‍ ഒരു മുന്നറിയിപ്പുമില്ലാതെ കയര്‍ വലിച്ചുകെട്ടിയ പോലീസിന്റെ ബുദ്ധിയെ സമ്മതിക്കണം. മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം. അപകടമരണമല്ല, മനഃപൂര്‍വമുള്ള നരഹത്യയാണ് പോലീസ് നടത്തിയത്.

നൂതന സാങ്കേതികവിദ്യകള്‍ ഉണ്ടായിട്ടും അവയൊന്നും ഉപയോഗിക്കാതെ ഇപ്പോഴും പോലീസ് പ്രാകൃതമായ രീതികളാണ് ഗതാഗത നിയന്ത്രണത്തിന് ഉപയോഗിക്കുന്നത്. സര്‍ക്കാരിനും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞുമാറാന്‍ കഴിയില്ല – ഷിയാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!