KSDLIVENEWS

Real news for everyone

ഇന്ത്യ തകർത്ത ഭീകരകേന്ദ്രങ്ങൾ പാക്കിസ്ഥാൻ പുനർനിർമിക്കാൻ തുടങ്ങി: മസൂദ് അസ്ഹറിന് ധനസഹായം നൽകുന്നത് 14 കോടി രൂപ

SHARE THIS ON

അഹമദാബാദ്: ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിട്ടും 2019ലെ പുൽവാമ, 2016ലെ ഉറി ഭീകരാക്രമണങ്ങൾക്കു പിന്നിൽ നിരോധിത സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആണെന്ന് സ്ഥിരീകരിച്ചിട്ടും മസൂദ് അസ്ഹറിന് പാക്ക് സർക്കാർ ധനസഹായം നൽകുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 14 കോടി രൂപയാണ് മസൂദിന് പാക്കിസ്ഥാൻ നൽകുന്നതെന്നും പാക്ക് പൗരൻമാരുടെ നികുതി പണമാണ് ഇതിനുവേണ്ടി ചെലവഴിക്കുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യയുടെ ആക്രമണത്തിൽ തകർക്കപ്പെട്ട ഭീകരകേന്ദ്രങ്ങൾ പാക്കിസ്ഥാൻ പുനർനിർമിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഭുജ് സൈനികത്താവളം സന്ദർശിക്കുന്നതിനിടെ രാജ്നാഥ് സിങ്  പറഞ്ഞു.

‘‘രാജ്യാന്തര നാണ്യ നിധിയിൽ (ഐഎംഎഫ്) നിന്ന് സഹായമായി ലഭിച്ച 2.1 ബില്യൺ ഡോളർ പാക്ക് സർക്കാർ വകമാറ്റിയിരിക്കുകയാണ്. തകർക്കപ്പെട്ട ഭീകരപരിശീലന കേന്ദ്രങ്ങൾ പുനർനിർമിക്കാനാണ് ഈ ധനസഹായം ഉപയോഗിക്കുന്നത്. മുരിദ്കെയിലും ഭവൽപുരിലും ലഷ്‌കറെ തയിബയുടെയും ജയ്‌ഷെ മുഹമ്മദിന്റെയും ഭീകരപരിശീലന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിന് പാക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് പറഞ്ഞിട്ടുണ്ട്.

പാക്കിസ്ഥാനുള്ള ഐഎംഎഫ് സഹായം ഭീകരതയ്ക്കുള്ള പരോക്ഷ ധനസഹായമായി മാറുന്നു. പാകിസ്ഥാനുള്ള ഏതൊരു സാമ്പത്തിക സഹായവും ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനു തുല്യമാണ്. ഐഎംഎഫ് അവരുടെ തീരുമാനം പുനഃപരിശോധിക്കണം’’ – രാജ്നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാന് 2.3 ബില്യൺ ഡോളർ പുതിയ വായ്പകൾ നൽകാനുള്ള ഐഎംഎഫിന്റെ നിർദേശത്തെ കഴിഞ്ഞയാഴ്ച ഇന്ത്യ എതിർത്തിരുന്നു. വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിൽന്നെങ്കിലും പാക്കിസ്ഥാന് അനുകൂലമായ തീരുമാനമാണ് ഐഎംഎഫിൽനിന്ന് ഉണ്ടായത്.

ഭീകരതയ്ക്കും കള്ളപ്പണം വെളുപ്പിക്കലിനും ധനസഹായം നൽകുന്നുവെന്ന് ആരോപിച്ച് ആഗോള നിരീക്ഷണ സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) 2018ൽ പാക്കിസ്ഥാനെ ‘ഗ്രേ ലിസ്റ്റിൽ’ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് 2022ൽ ആ പട്ടികയിൽനിന്ന് പാക്കിസ്ഥാനെ ഒഴിവാക്കി. ‘ഗ്രേ ലിസ്റ്റിൽ’ ഉൾപ്പെട്ടതിനാൽ ഐഎംഎഫ് പോലുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പാക്കിസ്ഥാന് സഹായം ലഭിച്ചിരുന്നില്ല. എന്നാൽ 2022 മുതൽ സ്ഥിതി മാറി. എഫ്‌എടിഎഫിലെ 40 അംഗരാജ്യങ്ങളിൽ ഒന്നായ ഇന്ത്യ, പാക്കിസ്ഥാനെ ‘ഗ്രേ ലിസ്റ്റിൽ’ നിന്ന് നീക്കം ചെയ്തതിനെ അന്ന് ശക്തമായി എതിർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!