KSDLIVENEWS

Real news for everyone

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷത്തിന് പൊതുസ്ഥാനാർഥി വരും

SHARE THIS ON

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു. എന്നാല്‍, സ്ഥാനാര്‍ഥിക്കാര്യത്തിൽ ധാരണയുണ്ടായില്ല.


നിലവിലെ രാഷ്ട്രീയസാഹചര്യം പരിഗണിച്ച് സ്ഥാനാര്‍ഥിയാകണമെന്ന നേതാക്കളുടെ അഭ്യർഥന എന്‍.സി.പി. നേതാവ് ശരദ് പവാര്‍ നിരസിച്ചു. ഇതേത്തുടര്‍ന്ന് നാഷണല്‍ കോൺഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകള്‍ യോഗത്തില്‍ ഉയര്‍ന്നു. വിശദമായ കൂടിയാലോചനകള്‍ക്കുശേഷം പേരുകള്‍ ചര്‍ച്ച ചെയ്യാമെന്ന് ധാരണയിലെത്തി. ഈ മാസം 21-നോ 28-നോ വീണ്ടും യോഗം ചേരും.

തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി വിളിച്ച യോഗത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തത്. ബിജു ജനതാദൾ, തെലങ്കാന രാഷ്ട്രസമിതി, ആം ആദ്മി പാര്‍ട്ടി, ശിരോമണി അകാലിദള്‍ എന്നീ പാർട്ടികളിലെ അംഗങ്ങൾ എത്തിയില്ല. വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, ബി.എസ്.പി., മജ്‍ലിസ് പാർട്ടി എന്നിവരെ ക്ഷണിച്ചിരുന്നില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേഷ്‌, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്തത്. ഇടതുപാര്‍ട്ടികളുടെ പ്രതിനിധികളായ എളമരം കരീം (സി.പി.എം.), ബിനോയ് വിശ്വം (സി.പി.ഐ.) എന്നിവര്‍ പങ്കെടുത്തു. ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, പി.സി. ചാക്കോ (എന്‍.സി.പി.), ടി.ആര്‍. ബാലു (ഡി.എം.കെ.), അഖിലേഷ് യാദവ് (എസ്.പി.), മെഹ്ബൂബാ മുഫ്തി (പി.ഡി.പി.), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), എച്ച്.ഡി. ദേവഗൗഡ, എച്ച്.ഡി. കുമാര സ്വാമി (ജെ.ഡി.എസ്.), ഇ.ടി. മുഹമ്മദ് ബഷീര്‍ (മുസ്‌ലിം ലീഗ്), എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി.) എന്നിവർ യോഗത്തിനെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!