Covid_19 വാക്സിന്‍ ലഭ്യമായാൽ ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര ആരോഗ്യ സഹ മന്ത്രി.
ന്യൂ ഡൽഹി: കോവിഡ് വാക്സിന്‍ ലഭ്യമായാല്‍ ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൌബേ. വാക്സിന്‍ ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗവേഷകര്‍ വാക്‍സിന്‍ കണ്ടെത്താനായി ഏറെ പരിശ്രമിക്കുന്നുണ്ട്. ദില്ലി റെഡ് ഫോര്‍ട്ടിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രധാനമന്ത്രി പ്രഖ്യാപിച്ച നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ ആരോഗ്യ മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അശ്വനി കുമാര്‍ ചൌബേ പറഞ്ഞു. രാജ്യത്തെ ആരോഗ്യമേഖലയ്ക്ക് ഇതൊരു ചരിത്രപരമായ സമയമാണ്. മൂന്ന് വാക്‍സിനുകള്‍ പരീക്ഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണുള്ളത്.
വാക്‍സിന്‍ പരീക്ഷണം വിജയിച്ചാല്‍ കോവിഡ് പോരാളികള്‍ക്കാവും വാക്‍സിന്‍ ആദ്യം ലഭിക്കുകയെന്നും അശ്വനി കുമാര്‍ ചൌബേ പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിന് നല്‍കുന്നത് മഹനീയ സേവനമാണ്. നിശ്ചയദാര്‍ഢ്യം കൊണ്ട് കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനായി ഒന്നിച്ച് നില്‍ക്കുമെന്നും രാവിലെ പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞിരുന്നു.
അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷത്തിലേക്ക് എത്തുകയാണ്. മരണം 50,000ത്തോട് അടുത്തു. പ്രതിദിന രോഗികള്‍ ഇന്നും 60,000ന് മുകളിലും മരണം 900 ന് അടുത്തും എത്തുമെന്നാണ് വിലയിരുത്തല്‍. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 71.61 ശതമാനത്തിലും മരണ നിരക്ക് 1.94 ശതമാനത്തിലും എത്തിയിട്ടുണ്ട്.