ആൻമേരിയുടെ കൊലപാതകം
പ്രതിയായ സഹോദരന്റെ കാമുകിയേയും പോലീസ് ചോദ്യം ചെയ്യും
കാസര്‍കോട്: ബളാലില്‍ പതിനാറുകാരിയെ സഹോദരന്‍ ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ അടുത്ത സുഹൃത്തുക്കളെയും കാമുകിയെയും പോലീസ് ചോദ്യം ചെയ്യും. കൂടാതെ വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാനാണ് പോലീസ് ശ്രമിക്കുന്നത്. അതേസമയം താന്‍ ഒറ്റക്കാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസിനോട് പ്രതി ആല്‍ബിന്‍ പറഞ്ഞെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ അത് പൂര്‍ണമായും വിശ്വസിക്കുന്നില്ല.കുടുംബ സ്വത്ത് തട്ടിയെടുത്ത് കാമുകിയെ വിവാഹം ചെയ്ത് സ്ഥലം വിടാനായിരുന്നു പ്രതി പദ്ധതിയിട്ടത്. അങ്ങനെയെങ്കില്‍ കാമുകിക്കും ഈ വിവരം അറിയാനാകുമെന്നാണ് പോലീസ് പറയുന്നത്. ഇതിനായി കാമുകിയെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. അതേസമയം പയ്യന്നൂരിലെ ആശുപത്രിയില്‍ കഴിയുന്ന പ്രതിയുടെ പിതാവ് ബെന്നിയുടെ ആരോഗ്യ നിലയില്‍ മാറ്റം വന്നിട്ടുണ്ട്. തിങ്കളാഴ്ച ആശുപത്രി വിടുമെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം കൊലപാതകമാണെന്നുള്ള വിവരം ബന്ധുക്കള്‍ ബെന്നിയെ അറിയിക്കുന്നത്.അതുവരെ ഭക്ഷ്യവിഷബാധയെന്നണ് ബെന്നി വിശ്വസിച്ചിരുന്നത്. ആശുപത്രി വിട്ട മാതാവ് ബെസി ഇപ്പോള്‍ ബന്ധുവീട്ടിലാണ് താമസിക്കുന്നത്. പ്രതി ആല്‍ബിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് കൊല നടത്താനുള്ള പദ്ധതി ഒരുക്കിയത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി വിനോദിന്റെ മേല്‍നോട്ടത്തില്‍ വെള്ളരി കുണ്ട് സി.ഐ പ്രേം സദന്‍, എസ്.ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.