ബുര്‍ഖകള്‍ ഉറപ്പാക്കണം, താടിവളര്‍ത്തണം: താലിബാന്റെ സ്‌ക്രീനിങ് ഭയന്ന് അഫ്ഗാന്‍ ജനത

കാബൂൾ: ” ഒരൊറ്റ രാത്രികൊണ്ട് കാബൂളിലെ സ്ത്രീകൾക്ക് നഗരം തികച്ചും അപരിചിതമായി. തെരുവുകളിലുടെ നടക്കുമ്പോൾ പോലും ആ മാറ്റം പ്രകടമാണ്”- അഷ്റഫ് ഗനി രാജ്യംവിടുകയും പ്രസിഡന്റിന്റെ കൊട്ടാരം താലിബാൻ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ അഫ്ഗാനിസ്താനിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തകയുടെ വാക്കുകളാണിത്.
സ്ത്രീകൾ അതീവ ഭീതിയോടെയാണ് എല്ലാക്കാലത്തും താലിബാനെ കണ്ടിരുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം അവർ വീണ്ടും അധികാരത്തിലേക്ക് എത്തുമ്പോൾ അഫ്ഗാനിസ്താനിലെ സ്ത്രീകളുടെ ആ പേക്കിനാവ് സത്യമായിരിക്കുകയാണ്.
മാധ്യമപ്രവർത്തനവും സന്നദ്ധ പ്രവർത്തനവും അടക്കം വിലക്കുന്ന താലിബാൻ രണ്ട് പതിറ്റാണ്ടുകൊണ്ട് അഫ്ഗാൻ സ്ത്രീകളും ഗോത്രവിഭാഗക്കാരും കൈവരിച്ച പുരോഗതി തച്ചുടക്കുമെന്നാണ് എല്ലാവരും ഭയപ്പെടുന്നത്. ആധുനിക, ജനാധിപത്യ രാഷ്ട്രം കെട്ടിപ്പെടുക്കാം എന്ന അഫ്ഗാൻ പുതുതലമുറയുടെ സ്വപ്നമാണ് താലിബാൻ കാബൂൾ പിടിച്ചടക്കിയതോടെ പൊലിഞ്ഞത്.
താലിബാൻ കാബൂൾ കീഴടക്കിയതിന് പിന്നാലെ ഒരു ബ്യൂട്ടി സലൂൺ ഉടമ തന്റെ സ്ഥാപനത്തിലെ സ്ത്രീ മോഡലുകളുടെ ചിത്രം പെയിന്റടിച്ച് മറക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. യുവാക്കൾ ടീ ഷർട്ടും ജീൻസും ധരിക്കാൻ ഭയപ്പെടുന്നതായാണ് വാർത്തകൾ. പലരും പരമ്പരാഗ വസ്ത്രമായ സൽവാറും കമ്മീസും ധരിച്ചാണ് പുറത്തിറങ്ങുന്നത്.
തെരുവുകൾ പലതും ശൂന്യമായതായി കാബൂൾ നഗരത്തിലെ ഒരു കച്ചവടക്കാരൻ പറഞ്ഞു. “ബ്രഡ് ഉണ്ടാക്കുന്ന എനിക്ക് വളരെ കുറച്ച് കച്ചവടം മാത്രമാണ് നടക്കുന്നത്. സുരക്ഷാ സൈനികർ എന്റെ സുഹൃത്തുക്കളായിരുന്നു. എന്നാലിപ്പോൾ അവരെല്ലാം പോയി. താടി വളരുന്നില്ല എന്നതാണ് എന്റെ ഇപ്പോഴത്തെ ആശങ്ക. എങ്ങനെ വേഗത്തിൽ താടി വളർത്താം എന്നതാണ് ഇപ്പോൾ എന്റെ ചിന്ത. ഭാര്യക്കും പെൺകുട്ടികൾക്കും വേണ്ടത്ര ബുർഖകൾ ഉണ്ടോ എന്നും ഞാൻ പരിശോധിച്ചു”- അദ്ദേഹം പറഞ്ഞു.
“മുമ്പ് താലിബാൻ ഭരണകാലത്ത്, ഒരു സ്ത്രീ എന്ന നിലയിൽ ജീവിക്കാൻ എത്രമാത്രം ബുദ്ധിമുട്ടായിരുന്നു എന്നതിനെക്കുറിച്ച് പ്രായമായ സ്ത്രീകളെല്ലാം സംസാരിക്കാറുണ്ട്. അന്ന് ഞാൻ കാബൂളിലാണ് താമസിച്ചിരുന്നത്, ബുർഖ ധരിക്കാതെ വീടിന് പുറത്തിറങ്ങിയ സ്ത്രീകളെയും പെൺകുട്ടികളെയും അവർ മർദ്ദിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു”- ഒരു അഫ്ഗാൻ സ്ത്രീ ഓർമിച്ചു.
രാജ്യത്തുനിന്ന് രക്ഷപെടാൻ ശ്രമിച്ച മറ്റൊരു മാധ്യമപ്രവർത്തക വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ തോക്കിൻ മുനയിൽ കൊള്ളയടിക്കപ്പെട്ടു. അവരുടെ പാസ്പോർട്ടും യാത്രാരേഖകളും പിടിച്ചെടുത്തുവെങ്കിലും വിമനത്താവളത്തിൽ എത്താൻ അവർക്കായി. “ഞാൻ വിമാനത്താവളത്തിലേക്ക് ടാക്സിയിൽ സഞ്ചരിക്കവേ, തെരുവുകളിൽ നിന്ന് പുരുഷന്മാർ താലിബാന് വേണ്ടി കൈയടിക്കുന്നുണ്ടായിരുവന്നു. അമേരിക്ക പോകട്ടെ എന്നവർ പറഞ്ഞു. എനിക്ക് ഇത് കാണേണ്ടി വരുമെന്ന് ഞാൻ ചിന്തിച്ചിരുന്നില്ല”- മാധ്യമപ്രവർത്തക പറഞ്ഞു.
ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഞങ്ങൾ അനുഭവിച്ചു, ഇനി കൂടുതൽ കഷ്ടപ്പെടുമെന്നാണ് മറ്റൊരു മാധ്യമപ്രവർത്തക പറഞ്ഞത്. “താലിബാന്റെ വരവിനേക്കുറിച്ചുള്ള പേടി തന്നെ സ്ത്രീകളുടെ സമൂഹത്തിലെ സ്ഥാനം ഇല്ലാതാക്കി. വീടിന് പുറത്തിറങ്ങിയ സ്ത്രീകളോട് നിങ്ങൾ കാരണമാണ് താലിബാൻ വന്നതെന്നാണ് ജനക്കൂട്ടം ആക്രാശിച്ചത്. താലിബാൻ നിങ്ങളെ അച്ചടക്കം പഠിപ്പിക്കും എന്നവർ പറഞ്ഞു. താലിബാന്റെ വരവോടെ ജീവിതം അവസാനിച്ചു” – അവർ പറഞ്ഞു.
നേരത്തെ, താലിബാൻ ഭരണത്തിൽ സ്ത്രീകൾക്ക് വീടിന് പുറത്ത് പോയി ജോലി ചെയ്യുന്നതിനും സ്കൂളുകളിൽ പോകുന്നതും വിലക്കുണ്ടായിരുന്നു. സ്ത്രീകൾ ബുർഖ ധരിക്കുന്നത് നിർബന്ധമായിരുന്നു. ബന്ധുവായ പുരുഷനൊപ്പമല്ലാതെ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ അനുവാദവുമില്ലായിരുന്നു. കാൽപാദം വരെ മറയ്ക്കുന്ന ചെരുപ്പുകളോ വേഷങ്ങളോ നിർബന്ധമായിരുന്നു

