ക്രൂരകൊലപാതകങ്ങൾ അവസാനിപ്പിക്കൂ, ഭയപ്പെടുത്തുന്നു: ആശങ്ക അറിയിച്ച് ശിഖർ ധവാൻ

മുംബൈ∙ കേരളത്തിൽ തെരുവു നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആശങ്കയറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. കേരളത്തിൽ ഭയാനകമായ കാര്യങ്ങളാണു സംഭവിക്കുന്നതെന്നും ശിഖർ ധവാൻ ട്വിറ്ററിൽ കുറിച്ചു. ‘കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതു ഭയപ്പെടുത്തുന്ന കാര്യമാണ്. ഇത്തരം നീക്കങ്ങൾ പുനഃപരിശോധിക്കണം’–ധവാൻ ട്വിറ്ററിൽ കുറിച്ചു.
ക്രൂരമായ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിന് അഭ്യർഥിക്കുകയാണെന്നും ധവാൻ പ്രതികരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തുന്നതു തുടരുന്നതിനിടെയാണു ധവാന്റെ പ്രതികരണം. ഇത്തരം സംഭവങ്ങളിൽ കേസെടുത്ത് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് നായ്ക്കൾ ചാകുന്നതെന്നാണു നിഗമനം

