KSDLIVENEWS

Real news for everyone

ഒടുവില്‍ സമ്മതം മൂളി ഇന്ത്യയുടെ ‘വന്‍മതില്‍’; രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകനാകും

SHARE THIS ON

ദുബായ്: മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്.

വെള്ളിയാഴ്ച നടന്ന ഐ.പി.എൽ 14-ാം സീസൺ ഫൈനലിന് ശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമുണ്ടായത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു.എ.ഇയിൽ ഈ മാസം നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ നിലവിലെ ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകനായുള്ള തിരച്ചിൽ ആരംഭിച്ചത്. ഇന്ത്യൻ പരിശീലകനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു.

ഗാംഗുലിയുടെയും ജയ് ഷായുടെയും നിർബന്ധത്തിന് വഴങ്ങി ദ്രാവിഡ് സമ്മതം മൂളിയതായി ഒരു ഉന്നത ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

രണ്ടു വർഷത്തേക്കാകും ദ്രാവിഡിന്റെ കരാറെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫർ ദ്രാവിഡ് നിരസിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. 48-കാരനായ ദ്രാവിഡ് നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യൻ അണ്ടർ-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്.

നേരത്തെ 2016, 2017 വർഷങ്ങളിലും ബിസിസിഐ സീനിയർ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാൽ അന്ന് ആ ഓഫർ നിരസിച്ച ദ്രാവിഡ് ജൂനിയർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ 2018-ൽ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കൺസൾറ്റന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ജൂലായിൽ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിന്റെ താത്കാലിക പരിശീലകനായും അദ്ദേഹമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!