KSDLIVENEWS

Real news for everyone

ഒരു മാസമായി എന്ത് വാങ്ങിയാലും ലേഖ നല്‍കുന്നത് 500ന്റെ നോട്ടുകള്‍ മാത്രം, കള്ളനോട്ട് സംഘത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും പെണ്‍സുഹൃത്തും

SHARE THIS ON

ചാരുംമൂട്: കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ പഞ്ചായത്ത് പ്രസിഡന്റും സുഹൃത്തായ യുവതിയും അറസ്റ്റില്‍. കൊല്ലം ഈസ്റ്റ് കല്ലട പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഈസ്റ്റ് കല്ലട കൊടുവുള വീട്ടില്‍ ക്ലീറ്റസ് (45), താമരക്കുളം പേരൂര്‍ കാരാഴ്മ അക്ഷയ് നിവാസില്‍ ലേഖ (38) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 500 രൂപയുടെ നിരവധി കള്ളനോട്ടുകള്‍ പിടികൂടി.

സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ ലേഖ നല്‍കിയ 500 രൂപയുടെ നോട്ടില്‍ സംശയം തോന്നിയ ജീവനക്കാര്‍ നൂറനാട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. നൂറനാട് സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുഉള്ള പൊലീസ് സംഘമെത്തി പരിശോധിച്ചപ്പോള്‍ പഴ്സില്‍ നിന്നു 500 രൂപയുടെ കൂടുതല്‍ കള്ളനോട്ടുകള്‍ കണ്ടെത്തി. തുടര്‍ന്ന് ലേഖയെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. ലേഖയുടെ താമരക്കുളത്തുള്ള വീട് പരിശോധിച്ചപ്പോള്‍ 500 രൂപയുടെ നോട്ടുകള്‍ വീണ്ടും ലഭിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ക്ലീറ്റസ് ആണ് കള്ളനോട്ട് നല്‍കിയതെന്ന് ലേഖ വ്യക്തമാക്കി. വീടിനു സമീപത്തു നിന്ന് ഇന്നലെ പുലര്‍ച്ചെ ഇയാളെ അറസ്റ്റ് ചെയ്തു. 500 രൂപയുടെ കള്ളനോട്ടുകള്‍ ക്ലീറ്റസിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു.

ഈസ്റ്റ് കല്ലട പോലീസ് സ്റ്റേഷനില്‍ അടിപിടി, പൊലീസിനെ ആക്രമിക്കല്‍, പട്ടികജാതി പീഡനം, വീടുകയറി അതിക്രമം തുടങ്ങി നിരവധി കേസുകള്‍ ക്ലീറ്റസിന്റെ പേരിലുണ്ട്. 10,000 രൂപയുടെ കള്ളനോട്ടാണ് ക്ലീറ്റസ് ലേഖയ്ക്ക് നല്‍കിയത്. എല്ലാം 500ന്റെ നോട്ടുകള്‍. ഒരു മാസമായി ലേഖ ചാരുംമൂട്ടിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, ഫാന്‍സി സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ കള്ളനോട്ട് നല്‍കി ചെറിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങിയിരുന്നതായി കടക്കാര്‍ പറഞ്ഞു.

സൂക്ഷ്മമായി നോക്കിയാല്‍ മാത്രം മനസിലാകുന്ന കള്ളനോട്ടുകളാണ് കൈമാറിയിരുന്നത്. ഒരു ദിവസം ഒരു കടയില്‍ മാത്രമാണ് ലേഖ നോട്ട് മാറ്റിയെടുത്തിരുന്നത്. കടകളില്‍ തിരക്കേറിയ സമയത്ത് ജീവനക്കാര്‍ നോട്ട് ശ്രദ്ധിച്ചിരുന്നുമില്ല. ലേഖയെ ഉപയോഗിച്ച്‌ കള്ളനോട്ടുകള്‍ മാറ്റിയെടുക്കുക എന്നതായിരുന്നു ക്ലീറ്റസിന്റെ പദ്ധതി. നോട്ടുകളുടെ ഉറവിടത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സി.ഐ പി. ശ്രീജിത്ത്, എസ്.ഐ നിതീഷ്, ജൂനിയര്‍ എസ്.ഐ ദീപു പിള്ള, എസ്.ഐ രാജീവ്, എ.എസ്.ഐ പുഷ്പന്‍, സി.പി.ഒമാരായ ഷാനവാസ്, രഞ്ജിത്ത്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!