KSDLIVENEWS

Real news for everyone

34 ലോക്കോ പൈലറ്റുമാർക്ക് കോവിഡ്; നിർത്തിവെച്ച ആറ്‌ വണ്ടികൾ ഇന്ന് വീണ്ടും ഓടിത്തുടങ്ങും

SHARE THIS ON

കണ്ണൂർ:ലോക്കോ പൈലറ്റുമാർക്ക് കോവിഡ് ബാധിച്ചതിനാൽ രണ്ടുദിവസം നിർത്തിവെച്ച പാലക്കാട് ഡിവിഷനിലെ ആറ് വണ്ടികൾ തിങ്കളാഴ്ചമുതൽ ഓടിത്തുടങ്ങും. എന്നാൽ കോവിഡ് വ്യാപനം തുടർന്നാൽ തുടർദിവസങ്ങളിലെ ഓട്ടം സ്തംഭിക്കും. നിലവിൽ പാലക്കാട് ഡിവിഷനിലെ 34 പേർക്കാണ് കോവിഡ് ബാധിച്ചത്. 18 ലോക്കോ പൈലറ്റും 16 അസിസ്റ്റന്റുമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിശ്രമസ്ഥലമായ റണ്ണിങ് ബംഗ്ലാവുകളിൽനിന്നാണ് കോവിഡ് പടർന്നതെങ്കിൽ കൂടുതൽപേരെ ഇത് ബാധിക്കും.

പകരം സംവിധാനം ഒരുക്കാതെ റെയിൽവേ ആറ് തീവണ്ടികളുടെ എട്ട് സർവീസാണ് ശനിയും ഞായറും നിർത്തിയത്. കണ്ണൂർ-മംഗളൂരു-കണ്ണൂർ അൺ റിസർവ്ഡ് (06477/06478), മംഗളൂരു-കോഴിക്കോട് റിസർവ്ഡ് എക്സ്പ്രസ് (16610), കോഴിക്കോട്-കണ്ണൂർ അൺറിസർവ്ഡ് (06481), കണ്ണൂർ-ചെറുവത്തൂർ അൺ റിസർവ്ഡ് (06469), ചെറുവത്തൂർ-മംഗളൂരു അൺ റിസർവ്ഡ് (05491), ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമു (06023/060240) എന്നിവയാണ് തിങ്കളാഴ്ചമുതൽ വീണ്ടും ഓട്ടം തുടരുക.


മറ്റു ചരക്കുവണ്ടികളിലെ ലോക്കോ പൈലറ്റുമാരെ ഉപയോഗിച്ചായിരിക്കും തുടർദിവസങ്ങളിൽ തീവണ്ടി ഓടിക്കുക. ശനി, ഞായർ ദിവസങ്ങളിൽ ഓടിയ സ്പെഷ്യൽ വണ്ടികളിലെ ലോക്കോ പൈലറ്റുമാരെ കുറച്ച് ദിവസം പാസഞ്ചർ വണ്ടികൾ ഓടിക്കാൻ നിയോഗിക്കും. ഇത് തികയാതെ വന്നാൽ ചരക്കുവണ്ടികളുടെ ലോക്കോ പൈലറ്റുമാരെ യാത്രാവണ്ടികളിലെത്തിക്കാനും നീക്കമുണ്ട്. എന്നാൽ കൂടുതൽ പേർക്ക് കോവിഡ് പടർന്നാൽ വീണ്ടും യാത്രാവണ്ടികൾ നിർത്തേണ്ടി വരും.

നിലവിൽ പാലക്കാട് ഡിവിഷനിൽ മാത്രം 50 ലോക്കോ പൈലറ്റുമാരുടെ കുറവുണ്ട്. പാസഞ്ചർ ഓടിക്കേണ്ട 57 ലോക്കോ പൈലറ്റുമാരുടെയും മെയിൽ വണ്ടികൾ ഓടിക്കുന്ന 11 പേരുടെയും ഒഴിവ് നികത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!