KSDLIVENEWS

Real news for everyone

ചേന്ദമംഗലം കൂട്ടക്കൊലപാതകം; തന്നെയും വീട്ടുകാരെയും കളിയാക്കിയതിനാലെന്ന് പ്രതിയുടെ മൊഴി

SHARE THIS ON

കൊച്ചി: ചേന്ദമംഗലത്ത് ഒരുവീട്ടിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ആക്രമണത്തിന്റെ കാരണം വ്യക്തമാക്കി പ്രതി ഋതു ജയന്‍. തന്നെയും തന്റെ വീട്ടുകാരേയും കളിയാക്കിയതിനെ തുടര്‍ന്നാണ് താന്‍ ആക്രമണത്തിന് മുതിര്‍ന്നത് എന്നാണ് ഋതു പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇയാള്‍ ഇപ്പോള്‍ വടക്കേകര പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. കൊലപാതകം നടത്തിയ സമയത്ത് ഋതു ലഹരിയില്‍ ആയിരുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

രക്തസാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ നിര്‍മാണത്തൊഴിലാളിയായി ജോലിചെയ്യുന്ന ഋതു ജയന്‍ (27) കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് വന്നത്. കഴിഞ്ഞദിവസം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഋതുവിനെ കൂട്ടുകാട് വെച്ച് പോലീസ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. സിഗരറ്റ് കത്തിച്ച് ഹേല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിനായിരുന്നു പോലീസ് കൈകാണിച്ചത്.

തുടര്‍ന്ന് ബൈക്ക് നിര്‍ത്തി ഇറങ്ങിവന്ന ഋതു ഒരു കൂസലുമില്ലാതെ താന്‍ നാല് പേരെ കൊന്നുവെന്ന് പോലീസിനോട് പറഞ്ഞു. എന്നാല്‍ കമ്പിവടി, കത്തി എന്നിവകൊണ്ട് നാല് പേരെ ആക്രമിച്ച ഋതുവിന്റെ വസ്ത്രത്തില്‍ രക്തപ്പാടുകളൊന്നും ഇല്ലായിരുന്നു. തുടര്‍ന്ന് വടക്കേക്കര പോലീസ് സ്‌റ്റേഷനിലെത്തിച്ച ഋതു ശാന്തസ്വഭാവക്കാരനായാണ് കാണപ്പെട്ടത്. ചോദിക്കുന്നതിന് മാത്രമാണ് ഇയാള്‍ ഉത്തരം നല്‍കിയത്.

തങ്ങളെ ശല്യപ്പെടുത്തി എന്നാരോപിച്ച് അയല്‍വീട്ടുകാര്‍ കഴിഞ്ഞ നവംബറില്‍ ഋതുവിനെതിരെ പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അതിലൊന്നും നടപടിയുണ്ടായില്ല. പോലീസ് വിളിച്ചുവരുത്തിയ ഋതുവിന് മാനസിക ചികിത്സ നല്‍കാമെന്ന അച്ഛന്റെ ഉറപ്പില്‍ വിട്ടയക്കുകയായിരുന്നു. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ കൃത്യമായ ഇടവേളകളില്‍ ഇയാളെ നിരീക്ഷിച്ചിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അക്രമിയുടെ അടിയേറ്റ് മരിച്ചത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസിനെ (35) തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയില്‍ എറണാകുളം ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!