KSDLIVENEWS

Real news for everyone

താമരശ്ശേരി ചുരത്തിലെ കൊടുംവളവുകൾ നിവരുന്നു; മൂന്ന് ഹെയർപിൻ വളവുകൾകൂടി നിവർത്താൻ ഭരണാനുമതി

SHARE THIS ON

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയർപിൻ വളവുകൾകൂടി വീതികൂട്ടി നിവർത്തുന്നതിന് ഭരണാനുമതി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ആറ്, ഏഴ്, എട്ട് വളവുകളാണ് നവീകരിക്കുക. ഇതിനായി, പിഡബ്‌ള്യുഡി നൽകിയ എസ്റ്റിമേറ്റ് പ്രകാരം 37.16 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചു. മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം നേരത്തേ പൂർത്തിയാക്കിയിരുന്നു.

വനഭൂമിയിൽ ഉൾപ്പെടുന്ന ഈ വളവുകൾ നിവർത്താൻ ആവശ്യമായ മരം മുറിക്കുന്നതിനുള്ള അനുമതിയോടെ വനംവകുപ്പ് ഭൂമി കൈമാറിക്കഴിഞ്ഞു. ഇൻഡ്യൻ റോഡ് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് പേവ്ഡ് ഷോൾഡറുകളോടു കൂടിയാണ് വളവുകൾ വീതി കൂട്ടി നിവർത്തുക. ഗതാഗതനിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിക്കൊണ്ടായിരിക്കും പണി നടത്തുക. ടെൻഡർ വിളിച്ച് പണി നടത്തേണ്ട ചുമതല പൂർണമായും കേരള പൊതുമരാമത്ത് വകുപ്പിനാണ്. പണി പൂർത്തിയാകുന്ന നാൾ മുതൽ അഞ്ച് വർഷത്തേക്ക് ഡിഫക്ട് ലയബിലിറ്റി പീര്യഡ് നിശ്ചയിച്ചാണ് കരാർ നൽകുക. കരാർ നടപടികൾ നിശ്ചിത സമയത്തിനുള്ളിൽ നടത്തി പണി എത്രയും വേഗം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

അഞ്ച് വളവുകൾ വിതികൂട്ടാൻ 2018 ഏപ്രിലിലാണ് 32 ലക്ഷംരൂപ നൽകി പൊതുമരാമത്ത് 0.92 ഹെക്ടർ വനഭൂമി ഏറ്റെടുത്തത്. വനംവകുപ്പ് സ്ഥലംവിട്ടുനൽകി വർഷങ്ങൾപിന്നിട്ടിട്ടും പൊതുമരാമത്ത് വകുപ്പിൻ്റെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. അതിനുശേഷം മൂന്ന്, അഞ്ച് വളവുകൾ ആറുകോടി രൂപ ചെലവഴിച്ച് നവീകരിച്ചു. എന്നാൽ, പതിവായി ഗതാഗത കുരുക്ക് ഉണ്ടാവുന്ന ആറു മുതൽ എട്ടുവരെയുള്ള വളവുകളുടെ വീതികൂട്ടൽ നടപടികൾ നീണ്ടുപോകുകയായിരുന്നു.

പലയിടത്തും ടാർ ചെയ്ത ഭാഗ ത്ത് അഞ്ചേകാൽ മീറ്റർവരെ വീതിയേയുള്ളൂ. ഇതിൽ ആറാംവളവാണ് ഏറ്റവും ദുഷ്‌കരമായിരുന്നത്. എതിർ ദിശയിൽ നിന്ന് വാഹനങ്ങൾ വന്നാൽ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പിന്നോട്ടെടുത്ത ശേഷംമാത്രമേ വളവുകൾ ഒടിച്ചെടുക്കാൻ കഴിയാറുള്ളു. വലിയ ലോറികളുൾപ്പെടെയാണ് ഇങ്ങനെ കുടുങ്ങി ഗതാഗത പ്രശ്നമുണ്ടാക്കാറുള്ളത്. ഇതിന് പരിഹാരം കാണാൻ 17 മീറ്റർവരെ വളവുകൾ വീതികൂട്ടി നവീകരിക്കാനായിരുന്നു പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!