യുഎഇയിൽ നിന്ന് മാത്രമല്ല: ഇന്ത്യയിലേക്ക് സ്വിസ് ഗോൾഡും ഒഴുകുന്നു; സ്വർണം ഇറക്കുമതിയിൽ വൻ വർധന

സ്വർണം വീണ്ടും വാരിക്കൂട്ടിത്തുടങ്ങി ഇന്ത്യക്കാർ. വൻ വിലക്കുതിപ്പിനെ തുടർന്ന് ഡിസംബറിൽ താഴേക്കുപോയ പൊന്നിറക്കുമതി ജനുവരിയിൽ കരുത്ത് വീണ്ടെടുത്ത് മിന്നിക്കയറി. യുഎഇ, സ്വിറ്റ്സർലൻഡ് എന്നിങ്ങനെ സ്വർണത്തിന്റെ ഹബ്ബുകളിൽ നിന്നുള്ള ഇറക്കുമതിയാണ് വർധിച്ചത്.
പുതിയ കണക്കുകൾ പ്രകാരം ജനുവരിയിൽ 4 ഇരട്ടി വളർച്ചയുമായി ഇന്ത്യ 12.1 ബില്യൻ ഡോളറിന്റെ (ഏകദേശം 1.10 ലക്ഷം കോടി രൂപ) സ്വർണം ഇറക്കുമതി നടത്തി. സ്വിറ്റ്സർലൻഡിൽ നിന്നെത്തിയ സ്വർണം 592 മില്യനിൽ നിന്ന് ഏഴിരട്ടി വർധിച്ച് 3.95 ബില്യൻ ഡോളറായി (35,800 കോടി രൂപ). യുഎഇയിൽ നിന്നുള്ള ഇറക്കുമതി 43% മുന്നേറി 7.05 ബില്യനിലെത്തി (63,800 കോടി രൂപ). ഡിസംബറിലെ ഇറക്കുമതി 4.94 ബില്യന്റേതായിരുന്നു.
യുഎഇയുമായി ഇന്ത്യയ്ക്ക് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുണ്ട് (സെപ). ഇതുപ്രകാരം യുഎഇയിൽ നിന്ന് ഇറക്കുമതിച്ചുങ്കത്തിൽ ഒരു ശതമാനം ഇളവോടെ ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യാം. ഇതാണ് യുഎഇ പൊന്നിന്റെ വരവ് കൂടാനും കാരണം.
∙ 2018-19ൽ ഇന്ത്യ 32.9 ബില്യന്റെ സ്വർണമായിരുന്നു ആകെ ഇറക്കുമതി ചെയ്തത്. 2024-25ൽ ഇത് 58 ബില്യനിലെത്തി.
∙ എന്നാൽ ഇറക്കുമതി അളവ് ഇക്കാലയളവിൽ കുറഞ്ഞിട്ടുണ്ട്. 982.7 ടണ്ണിൽ നിന്ന് 757.1 ടണ്ണിലേക്കാണ് കുറഞ്ഞത്.
∙ നടപ്പുവർഷം (2025-26) ഏപ്രിൽ-ഡിസംബർ വരെ 49.4 ബില്യന്റെ 475 ടൺ സ്വർണം ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇറക്കുമതി അളവ് കുറവാണ്. എന്നാൽ, വില കൂടുതലായതിനാൽ ഇറക്കുമതിമൂല്യം കൂടിനിൽക്കുകയും ചെയ്യുന്നു.
∙ അതേസമയം, സ്വർണം ഇറക്കുമതി കൂടിയതോടെ ഇന്ത്യയുടെ വ്യാപാരക്കമ്മി വർധിച്ചെന്ന തിരിച്ചടിയുണ്ട്. ജനുവരിയിൽ 3-മാസത്തെ ഉയരമായ 34.68 ബില്യനായാണ് വ്യാപാരക്കമ്മി ഉയർന്നത്. 2025 ജനുവരിയിൽ ഇതു 23.43 ബില്യൻ മാത്രമായിരുന്നു.
∙ ഇന്ത്യയിലേക്കുള്ള മൊത്തം ഉൽപന്ന ഇറക്കുമതിച്ചെലവും ഇന്ത്യയുടെ കയറ്റുമതി വരുമാനവും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി

