KSDLIVENEWS

Real news for everyone

നല്ല കാര്യങ്ങൾ തമസ്കരിക്കാൻ ശ്രമം: കണ്ണൂരിൽ പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങൾ എത്താത്തതിൽ വിമർശനവുമായി മുഖ്യമന്ത്രി

SHARE THIS ON

കണ്ണൂർ: കണ്ണൂരിൽ പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാധ്യമങ്ങൾ എത്താത്തതിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സദസ്സിൽ ദൃശ്യമാധ്യമ ക്യാമറകൾ കാണുന്നില്ലെന്നും ചില സമൂഹമാധ്യമങ്ങളുടെ ക്യാമറകൾ മാത്രമാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചരക്കണ്ടി ചെറിയവളപ്പിലെ കേരള സയൻസ് പാർക്ക്- ഐ ടി പാർക്ക് ഉദ്ഘാടന പരിപാടിയിലും മുഖ്യധാര മാധ്യമങ്ങൾ വന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ തമസ്കരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി – വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂർ പാലം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാധ്യമ വിമർശനം.

പത്തു വർഷക്കാലം ഏതെങ്കിലും തരത്തിലുള്ള വർഗീയ കലാപങ്ങളോ സംഘർഷങ്ങളോ ഉണ്ടാകാത്തതിന് കാരണം കേരളത്തിന്റെ പൊതുസ്വഭാവമാണെന്നും അതിന് പ്രധാന പങ്ക് വഹിച്ചത് പൊലീസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയിലെ പൊലീസ് സ്റ്റേഷനുവേണ്ടിയുള്ള പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ പരാമർശം. വർഗീയ പ്രശ്നം ഉയരുമ്പോൾ പൊലീസ് കർക്കശമായ നിലപാടെടുത്തു. ആരെയും ചാരി നിൽക്കില്ല. കുറ്റകൃത്യം നടത്തിയാൽ ആര് നടത്തി എന്ന് നോക്കേണ്ടതില്ല. മുഖം നോക്കാതെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ അന്വേഷണം നടത്തുന്നത് പ്രത്യേക സംഘമാണ്. നിഷ്പക്ഷ സംഘം അല്ല അന്വേഷണം നടത്തുന്നതെന്ന് ചിലർ പ്രചരിപ്പിച്ചു. അവർക്കെല്ലാം ഹൈക്കോടതിയിൽ നിന്ന് കണ്ണച്ച് അടി കിട്ടി. ഹൈക്കോടതി പറഞ്ഞു രാജ്യത്തെ മികച്ച ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. എന്നാൽ അത് വാർത്തയായില്ല. ഈ കേസിൽ മാത്രമല്ല എല്ലാ കേസിലും പൊലീസ് ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. കുറ്റം ചെയ്തിട്ടുണ്ടോ എന്ന് മാത്രമാണ് പൊലീസ് നോക്കുന്നത്.

പൊലീസും ജനങ്ങളും തമ്മിലുള്ള അകൽച്ച കുറഞ്ഞു. ഒരു ദശാബ്ദത്തിൽ സംസ്ഥാനത്തിന് ഒരുപാട് ദുരന്തം നേരിടേണ്ടി വന്നു. മനുഷ്യ സ്നേഹികളായ പൊലീസിനെയാണ് അവിടെ കാണാൻ സാധിച്ചത്. പണ്ട് പൊലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ ഉൾഭയമായിരുന്നു. ആ അവസ്ഥയിൽ മാറ്റം വന്നു. സംസ്ഥാനത്തെല്ലാം പൊലീസ് സ്റ്റേഷൻ മികവിന്റെ കേന്ദ്രങ്ങളായി.

ഉയർന്ന യോഗ്യതയുള്ളവർ വരെ പൊലീസ് സേനയിലേക്ക് വരികയാണ്. ഇത് സേനയുടെ കഴിവ് വർധിപ്പിക്കാൻ സഹായിക്കുന്നു. അതേസമയം, നിയമ പരിപാലനത്തിൽ ഒരു വിട്ടു വീഴ്ചയും ചെയ്യില്ല. ചട്ടവിരുദ്ധമായ രീതിയിൽ ഉദ്യോഗസ്ഥർ പ്രവർത്തിച്ചാൽ യാതൊരു പരിരക്ഷയും നൽകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!