കോട്ടച്ചേരി മേല്‍പാലം: പണി പുനരാരംഭിക്കും

കാഞ്ഞങ്ങാട് ∙ കോട്ടച്ചേരി റെയിൽവേ മേൽപാല നിർമാണത്തിന്റെ ഭാഗമായി റെയിൽ പാളത്തിന് മുകളിൽ ഗർഡർ സ്ഥാപിക്കാൻ റെയിൽവേ സുരക്ഷ കമ്മിഷൻ അനുമതി നൽകി. അനുമതി കിട്ടാത്തത് കാരണം മേൽപാല നിർമാണം പ്രതിസന്ധിയിലായിരുന്നു. ആദ്യം നൽകിയ അപേക്ഷ സുരക്ഷ കമ്മിഷൻ തള്ളിയിരുന്നു. പിന്നീട് രണ്ടാഴ്ച മുൻപ് നൽകിയ പുതുക്കിയ അപേക്ഷ പരിഗണിച്ചാണ് അനുമതി നൽകിയത്. ഇനി കലക്ടറുടെ അനുമതി കൂടി കിട്ടിയാൽ ഗർഡർ സ്ഥാപിക്കുന്നതിനുള്ള ജോലി തുടങ്ങാം.
തൃശിനാപ്പള്ളിയിലെ റെയിൽവേ ഫാക്ടറിയിൽ പണി പൂർത്തിയാക്കിയ ഗർഡറുകൾ കൂറ്റൻ കണ്ടെയ്നറുകളിൽ ലോക്ഡൗണിന് മുൻപേ കാഞ്ഞങ്ങാട് എത്തിച്ചിരുന്നു. പണി പൂർത്തിയാക്കുന്നതിനിടയിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്.ഇതേ തുടർന്ന് പണി നിർത്തി വച്ചു. പിന്നീട് പണി പുനരാരംഭിച്ചപ്പോൾ സുരക്ഷ കമ്മിഷൻ അനുമതി വെല്ലുവിളിയായി. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ അനുമതി കിട്ടിയത്

