‘സഖ്യത്തിനില്ല, പോരാട്ടം ഒറ്റയ്ക്ക്’: കർണാടകയിൽ സിറ്റിങ് എംഎൽഎമാർക്ക് സീറ്റില്ലെന്ന് കോൺഗ്രസ്

“ബെംഗളൂരു ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിൽ നൂറിലേറെ സീറ്റുകളിൽ സ്ഥാനാർഥി നിർണയത്തിൽ ധാരണ. സിറ്റിങ് എംഎൽഎമാർക്ക് സീറ്റുണ്ടാകില്ല. ആദ്യ സ്ഥാനാർഥി പട്ടിക ഉടൻ പുറത്തുവിടുമെന്ന് കോൺഗ്രസ് അറിയിച്ചു. ആരുമായും സഖ്യത്തിനില്ലെന്നും പോരാട്ടം ഒറ്റയ്ക്കാണെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ‘‘സംസ്ഥാനത്ത് വലിയ മാറ്റം വന്നതായി കാണുന്നു. സംസ്ഥാനം ഇപ്പോൾ പുതിയ ഭരണകൂടത്തെ തേടുകയാണ്. രാജ്യത്തിന്റെ അഴിമതിയുടെ തലസ്ഥാനമായി കർണാടക മാറിയിരിക്കുകയാണ്. അതുകൊണ്ട് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ 1300ലധികം പേരാണ് അപേക്ഷിച്ചത്. എല്ലാവരും കടുത്ത മത്സരാർത്ഥികൾ തന്നെയാണ്. പക്ഷേ എല്ലാവരെയും മത്സരിപ്പിക്കാൻ കോൺഗ്രസിന് സാധിക്കില്ല. 224 സീറ്റുകൾ മാത്രമാണുള്ളത്. പട്ടികയിൽനിന്ന് സ്ഥാനാർഥികളെ തിരഞ്ഞെടുക്കും. യുവതലമുറയ്ക്കും സ്ത്രീകൾക്കും കൂടുതൽ സീറ്റുകൾ നൽകാനാണ് ആഗ്രഹം’ – ഡി.കെ. ശിവകുമാർ പറഞ്ഞു. അതേസമയം, സ്ഥാനാർഥികളെ തിരഞ്ഞെടുക്കാനായി വെള്ളിയാഴ്ച കോൺഗ്രസ് കേന്ദ്ര കമ്മിറ്റി ഡൽഹിയിൽ യോഗം ചേരും. നിലവിൽ അധികാരത്തിലുള്ള കർണാടകയിൽ ഇപ്പോൾ തന്നെ ബിജെപി പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഒരു മാസത്തിനിടെ നിരവധി ബിജെപി ദേശീയ നേതാക്കളാണ് കർണാടക സന്ദർശിച്ചത്. മാർച്ച് 20ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബെലഗാവി സന്ദർശിക്കും. മേയ് മാസത്തിനു മുൻപ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.”