KSDLIVENEWS

Real news for everyone

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ടം; വിദ്യാര്‍ഥി നേതാവിനെതിരെ നടപടിയുമായി എസ്
എഫ്.ഐ.

SHARE THIS ON

തിരുവനന്തപുരം: എസ്.എഫ്.ഐ. കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കി. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിലാണ് വിശാഖിനെതിരെ എസ്.എഫ്.ഐ. നടപടിയെടുത്തത്. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. ‘കേരളത്തിലെ കലാലയങ്ങളിൽ അനവധി പ്രതിബന്ധങ്ങളേയും അക്രമണങ്ങളെയും അതിജീവിച്ചു വിദ്യാർത്ഥിപക്ഷ രാഷ്ട്രീയമുയർത്തി നിരന്തരമായ പോരാട്ടങ്ങൾ കൊണ്ടാണ് എസ്.എഫ്.ഐ കേരളത്തിലെ ഏതാണ്ട് മുഴുവൻ കലാലയങ്ങളിലും വിജയത്തിന്റെ വെന്നി കൊടി പാറിച്ച് വിദ്യാർത്ഥി പിന്തുണയോടെ നിറഞ്ഞു നിൽക്കുന്നത്. അനേകം രക്തസാക്ഷിത്വങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ പ്രസ്ഥാനത്തെ ഏതെങ്കിലും തരം സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ ഒരു തരത്തിലും അനുവദിക്കില്ല’ പ്രസ്താവനയിൽ എസ്.എഫ്.ഐ. പറഞ്ഞു. ഒപ്പം, കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രസംഗം കൂടി ഗൗരവകരമായി കാണേണ്ടതുണ്ടെന്നും എസ്.എഫ്.ഐ. പറഞ്ഞു. “ലീഗിന് ഭരണം ലഭിക്കുന്ന കാലത്ത് വിദ്യാഭ്യാസ വകുപ്പ് ലീഗിന് ആയിരിക്കുന്നത് കൊണ്ട് ചില തരികിടകൾ കാണിച്ച് എം.എസ്.എഫിന് യൂണിവേഴ്‌സിറ്റി/ കോളേജ് യൂണിയൻ ഭരണം പിടിക്കാറുണ്ടെന്നാണ് പി.എം.എ സലാം പ്രസംഗിച്ചിരിക്കുന്നത്. ഭരണമുള്ള കാലത്ത് ഗുരുതരമായ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയത് ലീഗ് നേതാവ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. കാലങ്ങളായി എസ്.എഫ്.ഐ ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആരോപണമാണ് ഇപ്പോൾ ലീഗ് സംസ്ഥാന നേതാവ് സ്ഥിരീകരിച്ചിരിക്കുന്നത്’ എസ്.എഫ്.ഐ. പ്രസ്താവനയിൽ പറഞ്ഞു. ഡിസംബര്‍ 12-ന് നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ (യുയുസി) സ്ഥാനത്തേക്ക് എസ്.എഫ്.ഐ. പാനലില്‍ നിന്ന് ജയിച്ച അനഘ എന്ന വിദ്യാര്‍ഥിക്ക് പകരം കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്.സി. വിദ്യാര്‍ഥി എ.വിശാഖിന്റെ പേരാണ് സര്‍വകലാശാലയിലേക്ക് നല്‍കിയ യു.യു.സിമാരുടെ ലിസ്റ്റിലുള്ളത്. അനഘ, ആരോമല്‍ എന്നിവരാണ് യു.യു.സികളായി ജയിച്ചത്. അനഘയ്ക്ക് പകരമായി പേര് ചേര്‍ത്തിരിക്കുന്ന വിശാഖ് എസ്.എഫ്.ഐ. കാട്ടാക്കട ഏരിയാ സെക്രട്ടറിയാണെന്നാണ് വിവരം. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിശാഖ് മത്സരിച്ചിട്ടില്ല. വിശാഖിനെ കേരള സര്‍വകലാശാലാ യൂണിയന്‍ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം കാണിച്ചതെന്നാണ് ആരോപണം. 26-ന് ആണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. കോളേജുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു.യു.സികളില്‍ നിന്നാണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!