ലോക്ഡൗൺ: കാസർകോട് ജില്ലയിൽ നിയന്ത്രണം വാർഡ് തലത്തിൽ

കാസർകോട് ∙ സംസ്ഥാന തലത്തിലുള്ള ലോക്ഡൗൺ ഇളവുകൾ നടപ്പിലാക്കുമ്പോൾ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളൊന്നും അടച്ചിടില്ലെന്നും പകരം വാർഡുതലത്തിൽ നിയന്ത്രണം നടപ്പാക്കുമെന്നു കലക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിലാണു തീരുമാനം. രോഗ നിരക്ക് കണക്കാക്കിയായിരിക്കും പ്രാദേശികതലത്തിലെ അടച്ചിടൽ. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രോഗവിവരങ്ങളുടെ ക്രോഡീകരിച്ച കണക്ക് എല്ലാ ചൊവ്വാഴ്ചയും കലക്ടർക്കു സമർപ്പിക്കണം.
ബുധനാഴ്ചകളിലെ കോർ കമ്മിറ്റി യോഗത്തിൽ ഈ കണക്കുകൾ അവതരിപ്പിച്ച് ഏർപ്പെടുത്തേണ്ട പൊതു നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനമെടുക്കും. ജില്ലാ പൊലീസ് മേധാവി പി.ബി.രാജീവ്, എഡിഎം അതുൽ എസ്.നാഥ്, ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. കെ.ആർ.രാജൻ, മറ്റു കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.ജില്ലയിൽ ഓക്സിജൻ ക്ഷാമമുണ്ടാകാതിരിക്കാൻ വേണ്ടി ചട്ടഞ്ചാലിൽ പൊതുമേഖലയിൽ സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിർമ്മാണം നിശ്ചിത ദിവസത്തിനുള്ളിൽ തന്നെ പൂർത്തീകരിക്കും. അനന്തപുരത്തു സ്വകാര്യ മേഖലയിൽ ദ്രവീകൃത ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനും നടപടിയായിട്ടുണ്ട്

