ജില്ലയിലെ നെറ്റ്‌വർക്ക് പ്രശ്നം പരിഹരിക്കാൻ കമ്മിറ്റി; മൊബൈൽ ചലഞ്ചിൽ കുട്ടികളെ പ്രദർശന വസ്തുവാക്കാൻ അനുവദിക്കില്ല

കാസർകോട്: ജില്ലയിൽ പലഭാഗത്തും കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് തടസ്സമാകുന്ന നെറ്റ്‌വർക്ക് പ്രശ്നം പരിഹരിക്കാൻ ജില്ലാ ടെലികോം കമ്മിറ്റി എല്ലാ വ്യാഴാഴ്ചയും യോഗം ചേരും. ഏതൊക്ക മേഖലയിലാണ് റേഞ്ച് പ്രശ്‌നമുള്ളതെന്ന് മനസ്സിലാക്കി പരിഹാരം കാണും. ഓൺലൈൻ പഠനത്തിലേക്ക് പൂർണമായും മാറിയത് മൊബൈൽഫോണുകൾ ഇല്ലാത്ത കുട്ടികൾക്ക് പ്രയാസമാകുന്നുണ്ട്. അങ്ങനെയുള്ള കുട്ടികളെ സഹായിക്കാനായി ചലഞ്ചുകൾ ഉൾപ്പെടെ നടത്തുമ്പോൾ വിദ്യാർഥികളെ പ്രദർശനവസ്തുവാക്കാൻ പാടില്ല. ഏത് കുട്ടിക്കാണോ ഉപകരണങ്ങൾ നൽകുന്നത് ആ കുട്ടിയുടെ സ്കൂൾ അധികൃതരോ പി.ടി.എ. കമ്മിറ്റികളോ അറിഞ്ഞ് മാത്രമേ ഇത്തരം ചലഞ്ചുകൾ പാടുള്ളൂ. ഇങ്ങനെയുള്ള പരിപാടികളുടെ പേരിൽ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ അനുവദിക്കില്ല. സർക്കാർ പരിപാടികൾ ഉൾപ്പെടെ ഡിജിറ്റൽ വഴി മാത്രമേ പാടുള്ളൂവെന്നും യോഗം നിർദേശിച്ചു

