KSDLIVENEWS

Real news for everyone

കോവിഡ്: കാസർകോട് നഗരസഭയിൽ രോഗസ്ഥിരീകരണ നിരക്ക് എട്ടിൽ താഴെ

SHARE THIS ON

കാസർകോട്: കോവിഡ് രോഗസ്ഥിരീകരണ നിരക്ക്‌ എട്ടുശതമാനത്തിൽ താഴെയുള്ള കാസർകോട് നഗരസഭയിൽ സർക്കാർ അനുവദിച്ച ഇളവുകൾ വ്യാഴാഴ്ച മുതൽ നടപ്പാക്കും. സർക്കാർ ഉത്തരവുപ്രകാരം എ കാറ്റഗറിയിലാണ് നഗരസഭ. ചെയർമാൻ വി.എം.മുനീറിന്റെ അധ്യക്ഷതയിൽ ചേർന്ന മുനിസിപ്പൽ ജാഗ്രതാസമിതി യോഗം സ്ഥിതിഗതികൾ വിലയിരുത്തി. രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ സർക്കാർ ഉത്തരവിൽ പറയുന്ന പ്രകാരം എല്ലാ കടകളും അക്ഷയ സെന്ററുകളും 50 ശതമാനം ജീവനക്കാരെ വെച്ച് തുറന്നുപ്രവർത്തിക്കാം. നിശ്ചിത അകലം പാലിച്ചും സാനിറ്റൈസർ, മാസ്ക് എന്നിവ ഉപയോഗിച്ചുമായിരിക്കണം കടകൾ പ്രവർത്തിക്കേണ്ടത്. ശനി, ഞായർ ദിവസങ്ങളിൽ പൂർണ ലോക്‌ഡൗൺ ആയിരിക്കും. മൂന്ന് യാത്രക്കാർക്ക് ടാക്സിയിലും രണ്ട് യാത്രക്കാർക്ക് ഓട്ടോയിലും യാത്ര ചെയ്യാം. കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക് ഇത് ബാധകമല്ല. ഹോട്ടലുകളിൽ ഓൺലൈൻ, ടേക്ക് എവേ, ഹോം ഡെലിവറി എന്നിവ അനുവദിക്കും. കൂടുതൽ ബോധവത്കരണം നടത്തുന്നതിനും വാർഡ് ജാഗ്രതാ സമിതികളുടെ പ്രവർത്തനം ഊർജിതമാക്കുന്നതിനും തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച സേവനം നടത്തിയ കൗൺസിലർമാർ, ആശാവർക്കർ, അങ്കണവാടി ടീച്ചർ, അധ്യാപകർ, സെക്ടറൽ മജിസ്ട്രേറ്റുമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ യോഗം അഭിനന്ദിച്ചു. സി.എഫ്.എൽ.ടി.സി, ഡൊമിസിലിയറി കെയർ സെന്റർ എന്നിവയുടെ പ്രവർത്തനം വിലയിരുത്തി. നഗരസഭാ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കുമായി വാർഡുതല വാക്സിനേഷൻ നടത്താൻ അനുമതി തേടി അധികൃതർക്ക് അപേക്ഷ നൽകുന്നതിന് തീരുമാനിച്ചു. വൈസ് ചെയർപേഴ്‌സൺ ഷംസീദ ഫിറോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി ആർ., നഗരസഭാ സെക്രട്ടറി കെ.മനോഹർ, ഹെൽത്ത് സൂപ്പർവൈസർ എ.വിൻസെന്റ്, ഡോ. രാജാറാം, ഹെൽത്ത് ഇൻസ്പെക്ടർ ജിതേഷ് കുമാർ, മാഷ് കോഓർഡിനേറ്റർ അശോകൻ, സെക്ടറൽ മജിസ്ട്രേറ്റ് ബഷീർ, ആശാവർക്കർമാർ, എസ്.സി. കോ ഓർഡിനേറ്റർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!