KSDLIVENEWS

Real news for everyone

ആദ്യം അച്ഛന്റെ സ്ഥാപനത്തിന് തീയിട്ടു? രാത്രി ഒളിച്ചിരുന്നു? രാവിലെ വീട്ടില്‍ കയറി കൊലപാതകവും

SHARE THIS ON

മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളത്ത് പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ദാരുണകൊല. ഏലംകുളം സ്വദേശി സി.കെ. ബാലചന്ദ്രന്റെ മകൾ ദൃശ്യ(21)യെയാണ് വിനീഷ് വിനോദ്(21) എന്നയാൾ വീട്ടിൽ കയറി കുത്തിക്കൊന്നത്. ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെയും പ്രതി കുത്തിപരിക്കേൽപ്പിച്ചു. കുട്ടി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. യുവതി വീട്ടിൽ കൊല്ലപ്പെട്ടെന്ന വാർത്ത കേട്ടതോടെ നാട്ടുകാരും നടുങ്ങി. കഴിഞ്ഞ ദിവസം ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സി.കെ. ടോയ്സ് എന്ന സ്ഥാപനത്തിൽ തീപ്പിടിത്തമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ മകൾ ദൃശ്യ വീട്ടിൽ കൊല്ലപ്പെട്ടെന്ന വാർത്തയും നാട്ടുകാരറിഞ്ഞത്. രണ്ട് സംഭവങ്ങൾക്ക് പിന്നിലും വിനീഷ് വിനോദാണെന്നാണ് പോലീസ് നൽകുന്നവിവരം. പെരിന്തൽമണ്ണ മുട്ടുങ്ങലിലാണ് വിനീഷ് വിനോദിന്റെ വീട്. കൊല്ലപ്പെട്ട ദൃശ്യയും പ്രതിയും സ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്നതായാണ് വിവരം. ഇയാൾ ദൃശ്യയോട് പല തവണ പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും യുവതി ഇത് നിരസിക്കുകയായിരുന്നു. യുവാവിന്റെ ശല്യം ചെയ്യൽ തുടർന്നപ്പോൾ ദൃശ്യയുടെ വീട്ടുകാർ ഇയാൾക്കെതിരേ പരാതിയും നൽകിയിരുന്നു. ഇതെല്ലാമാണ് സ്ഥാപനം തീവെച്ച് നശിപ്പിക്കുന്നതിലേക്കും ദാരുണമായ കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പോലീസും പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് ബാലചന്ദ്രന്റെ പെരിന്തൽമണ്ണ ഊട്ടി റോഡിലുള്ള സി.കെ. ടോയ്സിൽ തീപ്പിടിത്തമുണ്ടായത്. മൂന്നുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഗോഡൗൺ ഉൾപ്പെടെ പത്ത് കടമുറികളിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന ബാഗുകൾ, ലെതർ ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയാണ് കത്തിനശിച്ചത്. പെരിന്തൽമണ്ണ, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷാസേന യൂണിറ്റുകൾ ഏറെ പണിപ്പെട്ടാണ് ഒരു മണിക്കൂറിന് ശേഷം തീ നിയന്ത്രണവിധേയമാക്കിയത്. ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ സി.കെ. ടോയ്സ് എന്ന സ്ഥാപനം കഴിഞ്ഞദിവസം രാത്രി അഗ്നിക്കിരയായപ്പോൾ | ഫോട്ടോ: മാതൃഭൂമി രാത്രി പത്തരയോടെ തീയണച്ചെങ്കിലും തീപ്പിടിക്കാൻ കാരണമെന്തായിരുന്നു എന്ന് വ്യക്തമായിരുന്നില്ല. ഇതേക്കുറിച്ച് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് വ്യാഴാഴ്ച രാവിലെ ദൃശ്യ കൊല്ലപ്പെട്ടത്. വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ചുകയറിയാണ് വിനീഷ് വിനോദ് ഉറങ്ങുകയായിരുന്ന ദൃശ്യയെ കുത്തിക്കൊന്നത്. ഈ സമയം യുവതിയുടെ അമ്മയും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ദൃശ്യയുടെ നിലവിളി കേട്ട് മുകളിലെ നിലയിൽനിന്നോടി വന്ന സഹോദരി ദേവശ്രീ ആക്രമണം ചെറുക്കാൻ ശ്രമിച്ചു. ഇതോടെ ദേവശ്രീയെയും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടെങ്കിലും ഉടൻതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കഴിഞ്ഞ ദിവസം ബാലചന്ദ്രന്റെ സ്ഥാപനത്തിന് തീയിട്ടതും താനാണെന്ന് പ്രതി വെളിപ്പെടുത്തിയത്. രാത്രി സ്ഥാപനത്തിന് തീയിട്ട ശേഷം ഇയാൾ ദൃശ്യയുടെ വീടിന് സമീപം ഒളിച്ചിരുന്നതായാണ് വിവരം. രാത്രി മുഴുവൻ ഇവിടെ പതിയിരുന്ന ശേഷം രാവിലെ എട്ടു മണിയോടെ വീട്ടിൽ അതിക്രമിച്ചു കയറി ദൃശ്യയെ കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതടക്കം പോലീസ് പരിശോധിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!