മഅ്ദനി: നീതിക്ക് വേണ്ടി ജനാധിപത്യത്തിന്റെ ഐക്യഭൂമിക രൂപപ്പെടണം: വി.എം.അലിയാര്‍.
ഭരണകൂട ഭീകരതയുടെ ബലിയാടായി അന്യായമായി വേട്ടയാടപ്പെടുന്ന മഅ്ദനിയുടെ നീതിക്ക് വേണ്ടി ജനാധിപത്യത്തിന്റെ ഐക്യഭൂമിക രൂപപ്പെടണമെന്ന് പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ പറഞ്ഞു.
അബ്ദുന്നാസിര്‍ മഅ്ദനി കേരളത്തിലെ മതസാമൂഹിക രാഷ്ട്രീയ മേഖലകളിലെ നിറസാനിധ്യമായിരുന്നു 1990 കളില്‍. ഇസ്ലാമിക മതപണ്ഡിതനെന്ന നിലയിലും പ്രഭാഷണകലയിലെ അതുല്യപ്രതിഭ എന്ന നിലയിലും ശ്രദ്ദേയനുമായിരുന്നു. പാരമ്പര്യ രാഷ്ട്രീയ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി അനീതിക്കെതിരെയും അസമത്വത്തിനെതിരെയും സ്വീകരിച്ച ശക്തമായ നിലപാട് മഅ്ദനിയുടെ നിലപാടുകളില്‍ രാഷ്ട്രീയ ശത്രുക്കളെ സമ്മാനിച്ചു. ഫാസിസത്തിനെതിരെ ചെറുവിരല്‍ പോലും ഉയര്‍ത്താന്‍ മടികാട്ടിയിരുന്ന കാലഘട്ടത്തില്‍ ശക്തമായ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകള്‍ കൊണ്ട് ഒരു മുഴം മുമ്പേ മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ മടിച്ച മഅ്ദനിക്ക് സംരക്ഷണം നല്‍കാന്‍ മുഖ്യധാര കക്ഷികളോ ഭരണകൂടങ്ങളോ സന്നദ്ധമായിരുന്നില്ല. ”അവര്‍ണ്ണര്‍ക്ക് അധികാരം ,പീഢിതര്‍ക്ക് മോചനം” എന്ന മുദ്രാവാക്യവും
അദ്ദേഹം ഉയര്‍ത്തിയ അവര്‍ണ്ണപക്ഷ രാഷ്ട്രീയ മുന്നേറ്റവും രാഷ്ട്രീയ ഭൂമികയില്‍ ഉണ്ടാക്കിയ വിപ്ളവ വീര്യം കെടുത്താന്‍ മഅ്ദനിയെ തകര്‍ക്കലാണ് പരിഹാരമെന്ന് തിരിച്ചറിഞ്ഞവര്‍ ആദ്യം ശാരീരികമായി ഇല്ലാതാക്കാന്‍ ശ്രമിച്ചു.Rss കാരന്റെ ബോംബേറില്‍ വലത് കാല്‍ നഷ്ടപ്പെട്ടു. ദൈവകൃപയാല്‍ ജീവന്‍ സംരക്ഷിക്കപ്പെട്ടു. ദലിത് -പിന്നോക്ക -മതന്യൂനപക്ഷ ഐക്യമെന്ന പ്രസക്തമായ ആശയം രാജ്യത്തിന് മുന്നില്‍ സമര്‍പ്പിച്ച് തന്റെ പ്രവര്‍ത്തന പാതയില്‍ കര്‍മ്മനിരതനായി.
1998 ല്‍ കോയമ്പത്തൂരിൽ നടന്ന സ്ഫോടന പരമ്പരയിൽ പ്രതിചേര്‍ത്ത് 10 വര്‍ഷത്തോളം കോയമ്പത്തൂർ ,സേലം സെന്‍ട്രല്‍ ജയിലുകളില്‍ പീഡിപ്പിക്കപ്പെട്ടു. പത്ത് വര്‍ഷക്കാലത്തിനിടയില്‍ ഒരു മണിക്കൂര്‍ പോലും ജാമ്യമോ പരോളോ ലഭിച്ചില്ല. 2007 ഓഗസ്റ്റ് 1 ന് സ്പെഷ്യല്‍ കോടതി നിരപരാധിയെന്ന് കണ്ട് വിട്ടയച്ചു. ഭരണകൂടം സ്പെഷ്യല്‍ കോടതി വിധിക്കെതിരെ ചെന്നൈ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. കേസ് പരിഗണിച്ച ഹൈക്കോടതി സ്പെഷ്യൽ കോടതി വിധി ശരിവച്ചു.
തിരിച്ച് കേരളത്തിലെത്തിയ മഅ്ദനി രാഷ്ട്രീയ സാമൂഹിക സാമുദായിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി. തന്റെ നിലപാടുകളില്‍ ഭരണകൂടത്തോടോ , ഫാസിസ്റ്റ് ദുശ്ശക്തികളോടോ സന്ധിയാകാത്തതിന്റെ പേരില്‍ വേട്ടയാടല്‍ തുടര്‍ പ്രക്രിയയായി. 2010 ആഗസ്റ്റ് 17 ന് ബാംഗ്ളൂര്‍ സ്ഫോടന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ബാംഗ്ളൂര്‍ ജയിലില്‍ അടക്കപ്പെട്ടു. നീതി നിഷേധത്തിന്റെ വിചാരണ പ്രഹസനങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ടു. നിരവധി രോഗങ്ങളാല്‍ മഅ്ദനിയുടെ ജീവന്‍ അപകടപ്പെടുന്ന സാഹചര്യത്തിലെത്തി. മതിയായ ചികിത്സ ലഭ്യമാകാതെ ഇരു കണ്ണുകളുടേയും കാഴ്ച മങ്ങി.പലവട്ടം രോഗം മൂര്‍ച്ചിച്ച് ബോധരഹിതനായി. ചികിത്സക്ക് വേണ്ടി ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. 5 വര്‍ഷങ്ങള്‍ക്ക് ശേഷം ഉപാധികളോടെ ചികിത്സക്കായി മഅ്ദനിക്ക് ജാമ്യം കിട്ടി.ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. 2014 നവംബര്‍ 14 ന് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട മഅ്ദനിയുടെ ഹര്‍ജിയിന്മേല്‍ 4 മാസത്തിനകം കേസ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ കഴിയുമെന്ന് കര്‍ണാടക പ്രോസിക്യൂഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇപ്പോള്‍ വീണ്ടും അഞ്ചര വര്‍ഷം പിന്നിട്ടു.കേസ് വിചാരണ ഇഴഞ്ഞ് നീങ്ങി.
ഇതിനിടയില്‍ വിചാരണ നടപടികളുടെ അന്തിമ ഘട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് കേസ് എന്‍.ഐ.എ.ക്ക് കൈമാറി. കേസ് നടപടികള്‍ ഒന്ന് മുതല്‍ വീണ്ടും ആരംഭിച്ചു. ജഡ്ജിയില്ലാതെയും , ജഡ്ജിമാരെ സ്ഥലം മാറ്റിയും വീണ്ടും വര്‍ഷങ്ങള്‍ നീണ്ടു. ഇപ്പോള്‍ സമാനമായ 9 കേസുകളുടെ വിചാരണ (ഒരുമിച്ച് നടത്താന്‍ കഴിയുമായിരുന്നത്) വ്യത്യസ്ഥ കേസുകളായി പരിഗണിച്ച് വിചാരണ നാടകം നടന്ന് വരുന്നു.ഇനിയും എത്രനാള്‍ എന്നത് ചോദ്യചിഹ്നം മാത്രമാണ് ? ബാംഗ്ളൂര്‍ സിറ്റി വിട്ട് പുറത്ത് പോകരുതെന്ന കര്‍ശന ജാമ്യഉപാധിയോടെ ചികിത്സക്കും വിചാരണക്കുമായി ഇപ്പോള്‍ ബാംഗ്ളൂരിലെ വാടക വീട്ടിലാണ് അദ്ദേഹം കഴിയുന്നത്.
മഅ്ദനി ഏതെങ്കിലും വര്‍ഗീയ ,രാഷ്ട്രീയ, കൊലപാതക ,ക്രിമിനല്‍ കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ട പൗരനല്ല. രാജ്യത്തെ ഒരു കോടതിയും നാളിതുവരെ ഒരു പെറ്റി കേസില്‍ പോലും മഅ്ദനിക്കെതിരെ ശിക്ഷ വിധിച്ചിട്ടില്ല. ജനാധിപത്യ വഴിയിലല്ലാതെ മഅ്ദനിയുടെ സാമുദായിക, രാഷ്ട്രീയ പ്രവര്‍ത്തനം ഇന്ന് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അദ്ദേഹം നേതൃത്വം കൊടുക്കുന്ന പി.ഡി.പി.എന്ന രാഷ്ട്രീയ പ്രസ്ഥാനം നാളിതുവരെ ഏതെങ്കിലും വര്‍ഗീയ ,രാഷ്ട്രീയ കലാപങ്ങളില്‍ പങ്കാളി ആയിട്ടില്ല. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരോ നേതാക്കളോ നാളിതുവരെ ഏതെങ്കിലും ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ശിക്ഷിക്കപ്പെട്ട് രാജ്യത്തെ ഒരു ജയിലിലുമടക്കപ്പെട്ടിട്ടില്ല. തീവ്രവാദത്തിന്റെ ചാപ്പ കുത്തി ഭരണകൂടവും ഫാസിസ്റ്റ് ദുശ്ശക്തികളും രണ്ട് പതിറ്റാണ്ട് ജയിലിലടക്കപ്പെട്ട അദ്ദേഹത്തിന് വേണ്ടി പോലും ഒരു ജനാധിപത്യവിരുദ്ധ പ്രതിഷേധവും നാളിതുവരെ നടത്തപ്പെട്ടില്ല.ജനാധിപത്യ മാര്‍ഗത്തിലും നിയമപരമായ പോരാട്ടങ്ങളിലുമാണ് മഅ്ദനിയുടെ നീതിക്ക് വേണ്ടിയുള്ള പരിശ്രമം അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും പ്രസ്ഥാനത്തിന്റേയും കേരളീയ പൊതുസമൂഹത്തിന്റേയും ഇടപെടലില്‍ നടന്ന് വരുന്നത്. രാജ്യത്തിന്റെ നിയമസംവിധാനങ്ങളും ഭരണകൂടങ്ങളും നിരപരാധികളായ ആയിരങ്ങള്‍ക്ക് മേല്‍ തുടരുന്ന അനീതിയുടെ പ്രതീകമായി മഅ്ദനിയുടെ നാമം എഴുതി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.
കോയമ്പത്തൂരും കടന്ന് ബാംഗ്ളൂരിലേക്കുള്ള രണ്ടാം നാടുകടത്തല്‍ പത്ത് വര്‍ഷം തികയുമ്പോൾ ഇനിയും അനന്തമായി നീളുന്ന നീതിനിഷേധത്തിനെതിരെയുള്ള ഐക്യപ്പെടലിന് വേദിയൊരുങ്ങുകയും , നീതിക്കായി പൊരുതുന്ന ജനാധിപത്യ കൂട്ടായ്മകള്‍ രൂപപ്പെടുന്നതിന് സാധ്യമാകട്ടെ എന്നതാണ് നമ്മുടെ പ്രതീക്ഷയും പ്രയത്നവും.
വി.എം.അലിയാര്‍
പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി