“സഭാ ടിവി” ഒരു സമ്പൂർണ്ണ ചാനലായി മാറും : മുഖ്യമന്ത്രി
തിരുവനന്തപുരം > ജനാധിപത്യത്തിന്റെ വൈവിധ്യമാര്‍ന്ന ഭാവവും ഉള്ളടക്കവും പൊതുസമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യയിലെ സംസ്ഥാന നിയമസഭകളുടെ ചരിത്രത്തില്‍ ആദ്യമായി ടെലിവിഷന്‍ ചാനല്‍ എന്ന സംരംഭം കേരള നിയമസഭയില്‍ സഭാ ടിവി എന്ന പേരില്‍ തുടക്കം കുറിച്ചു. സഭാ ടിവിയുടെ ഔദ്യോഗിക ഉദ്ഘാടനം 2020 ആഗസ്റ്റ് 17 (1196ചിങ്ങം1) ഉച്ചയ്ക്ക് 12.00 ന് നിയമസഭാ സമുച്ചയത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്ബി മെംബേഴ്സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന നിര്‍വഹിച്ചു. നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും, കേരള നിയമസഭയുടെ ഡൈനാമിക് വെബ്സൈറ്റിന്റെ ഉദ്ഘാടനം പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ കെ ബാലനും നിര്‍വ്വഹിച്ചു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി സ്വാഗതം പ്രസംഗം നടത്തി.
സഭാ ടിവി ഒരു സമ്ബൂര്‍ണ്ണ ചാനലായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാളിതുവരെയുള്ള പതിനാല് കേരളാ നിയമസഭയുടെ ചരിത്രം പ്രതിപാദിക്കുന്ന ഹൃസ്വ വീഡിയോയും സഭാ ടിവിയുടെ വിവിധ സെഗ്മെന്റുകളെ കുറിച്ചുള്ള വീഡിയോയും പ്രസ്തുത ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
റവന്യുവും ഭവനനിര്‍മ്മാണവും വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, തുറമുഖവും മ്യൂസിയവും പുരാവസ്തുവും വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി തോമസ് എംഎല്‍എ, ഒ രാജഗോപാല്‍ എംഎല്‍എ, .പി സി ജോര്‍ജ്ജ് എംഎല്‍എ, വീണാ ജോര്‍ജ്ജ് എംഎല്‍എ., സഭാ ടിവി മീഡിയാ കണ്‍സല്‍ട്ടന്റ് വെങ്കിടേഷ് രാമകൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ നിയമസഭാ സെക്രട്ടറി കൃതജ്ഞത അര്‍പ്പിച്ചു.