ബീമാപളളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

പൂന്തുറ: ബീമാപളളിയിൽ യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽപ്പോയ സഹോദരങ്ങളിൽ ഒരാളെ പൂന്തുറ പോലീസ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഇനാസ്(21)ആണ് പിടിയിലായത്. ഇയാളുടെ ജേഷ്ഠ സഹോദരനും മത്സ്യത്തൊഴിലാളിയുമായ ഇനാബ് (22)പെരുമാതുറ കടൽവഴി രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. ഇയാൾക്കായി പോലീസ് അന്വേഷണം വ്യാപിച്ചിച്ചു. ബീമാപളളി ഈസ്റ്റ് വാർഡ് സദാം നഗറിലുളള നാഗൂർ കണ്ണിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ അബ്ദുൾ ഹസന്റെയും ബദറുനിസയുടെയും മകൻ ഷിബിലി(38) ആണ് മർദനമേറ്റ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 10.30 ഓടെ ബീമാപളളിക്ക് സമീപത്തെ റോഡിലായിരുന്നു അടിപിടിയുടെ തുടക്കമെന്ന് പൂന്തുറ പോലീസ് പറഞ്ഞു. ഷിബിലിയുടെ അടുത്ത സുഹൃത്താണ് റിയാസ്. ഇയാളുടെ ജേഷ്ഠൻ വിരലൊട്ടി എന്നു വിളിക്കുന്ന ബാദുഷ പോലീസ് പിടിയിലായ ഇനാസുമായി ഒരുമാസം മുമ്പ് ബീമാപളളിയിൽ വച്ച് വാക്കുതർക്കമുണ്ടായിരുന്നു. ഈ സംഭവത്തിൽ ബാദുഷ ഇനാസിനെ മർദിച്ചിരുന്നു. ഈ വൈരാഗ്യം നിലനിൽക്കേയാണ് വ്യാഴാഴ്ച രാത്രി അടിയേറ്റ് മരിച്ച ഷിബിലിക്കൊപ്പം ഉണ്ടായിരുന്ന സഹോദരൻ റിയാസിനെ ഇനാസ് അടിക്കാൻ ശ്രമിച്ചത്. അപകടം മനസിലാക്കിയ റിയാസ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് ഇനാസും ഇനാബും ചേർന്ന് ഷിബിലുമായി അടിപിടിയിലെത്തി. നാട്ടുകാർ ഇടപെട്ട് ഇരുകൂട്ടരെയും സ്ഥലത്ത് നിന്ന് പറഞ്ഞുവിടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
തുടർന്ന് രാത്രി 11 ഓടെ ബീമാപളളി റോഡിൽ നിന്ന് കടൽത്തീരത്തേക്ക് പോകുന്ന ഇടവഴിയിൽ വെച്ച് പ്രതികൾ ഷിബിലിയെ കണ്ടു. ഓടാൻ ശ്രമിച്ച ഷിബിലിയെ പ്രതികൾ തടഞ്ഞുവെച്ച് ഇടവഴിയിലെ മതിൽചേർത്തുവച്ച് ഇടിക്കുകയും അടിക്കുകയും ചെയ്തു. കൈയിലുണ്ടായിരുന്ന ഇരുമ്പ് വളയമുപയോഗിച്ച് ഷിബിലിയുടെ താടിയിലും ചുണ്ടിലും മുഖത്തും ഇടിച്ചും പരിക്കേൽപ്പിച്ചു. അടിയേറ്റ് അവശനിലയിലായെങ്കിലും ഷിബിലി അവിടെ നിന്ന് രക്ഷപ്പെട്ട് കടൽത്തീരത്തേക്ക് ഓടി. പിന്നാലെ എത്തിയ ഇരുവരും ചേർന്ന് തറയിൽ തളളിയിട്ടശേഷം വയറിലും നെഞ്ചിലും ചവിട്ടിയും പരിക്കേൽപ്പിച്ചു. കല്ലുപയോഗിച്ച് തലയിലും കഴുത്തിലും ഇടിച്ചും പരിക്കേൽപ്പിച്ചു. വയറിലേറ്റ് ചവിട്ടിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതാണ് മരണത്തിനിടയാക്കിയതെന്ന് പൂന്തുറ പോലീസ് പറഞ്ഞു.
ഷിബിലി അബോധാവസ്ഥയിലായതോടെ പ്രതികൾ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. സംഭവം കണ്ട നാട്ടുകാരിലൊരാളാണ് ഷിബിലുടെ സഹോദരൻ ഹലീൽ റഹ്മാനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ റഹ്മാനും സുഹൃത്തുക്കളും ചേർന്നായിരുന്നു ഷിബിലെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ മരണം സംഭവിച്ചിരുന്നു. തുടർന്ന് ഇവർ പൂന്തുറ പോലീസിനെ വിവരമറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച രാത്രിയോടെ ഇനാസിനെ തമിഴ്നാട്ടിലെ ഉരവിയിൽ നിന്ന് അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്.എച്ച്.ഒ. എസ്.സാജു, എസ്.ഐ. വി.സുനിൽ, ജയപ്രകാശ്, ബാബു, നസീർ, സിപിഒമാരായ ദീപു, സജി, ഷിജു, സാബു, സനൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

