KSDLIVENEWS

Real news for everyone

യൂറോപ്പ ലീഗ്: വെസ്റ്റ് ഹാമിന് വിജയം, ലെസ്റ്ററിനെ സമനിലയില്‍ കുരുക്കി നാപ്പോളി

SHARE THIS ON

ലണ്ടൻ: യൂറോപ്പ ലീഗിന്റെ പുതിയ സീസണിന് തുടക്കമായി. ആദ്യ ഘട്ട ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ വെസ്റ്റ് ഹാമിന് വിജയം. എന്നാൽ ഇംഗ്ലീഷ് വമ്പന്മാരായ ലെസ്റ്റർ സിറ്റി സമനിലയിൽ കുരുങ്ങി.

ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ക്രൊയേഷ്യൻ ക്ലബ്ബ് ഡൈനാമോ സാഗ്രെബിനെ കീഴടക്കി. 21-ാം മിനിട്ടിൽ മിഖായിൽ ആന്റോണിയോയും 50-ാം മിനിട്ടിൽ സൂപ്പർ താരം ഡെക്ലാൻ റൈസും വെസ്റ്റ് ഹാമിനായി ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ഗ്രൂപ്പ് എച്ചിൽ വെസ്റ്റ് ഹാം ഒന്നാം സ്ഥാനത്തെത്തി.


കരുത്തരായ ലെസ്റ്ററിനെ ഇറ്റാലിയൻ വമ്പന്മാരായ നാപ്പോളിയാണ് സമനിലയിൽ തളച്ചത്. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ ലെസ്റ്ററിനേക്കാളും ആധിപത്യം പുലർത്തിയത് നാപ്പോളിയാണ്. രണ്ട് ഗോളിന് പിന്നിട്ട ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തിയാണ് നാപ്പോളി സമനില നേടിയത്.

ഒൻപതാം മിനിട്ടിൽ തന്നെ ഗോൾ നേടിക്കൊണ്ട് അയോസെ പെരെസ് ലെസ്റ്ററിന് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയിൽ ടീം ആ ലീഡ് നിലനിർത്തി. രണ്ടാം പകുതിയിൽ 64-ാം മിനിട്ടിൽ ഹാർവി ബാൺസ് കൂടി ലക്ഷ്യം കണ്ടതോടെ ലെസ്റ്റർ 2-0 ത്തിന് ലീഡെടുത്ത് വിജയം ഏകദേശം ഉറപ്പിച്ചു. പിന്നീടാണ് കളി മാറിയത്. നാപ്പോളിയുടെ മുന്നേറ്റതാരം വിക്ടർ ഒസിംഹെൻ 69-ാം മിനിട്ടിലും 87-ാം മിനിട്ടിലും ഗോൾ നേടിക്കൊണ്ട് ടീമിന് സമനില സമ്മാനിച്ചു. ഇരട്ട ഗോളുകളുമായി തിളങ്ങിയ വിക്ടറാണ് ലെസ്റ്ററിൽ നിന്ന് മത്സരം തട്ടിയെടുത്തത്.


മറ്റ് പ്രധാന മത്സരങ്ങളിൽ റയൽ സോസിഡാഡും പി.എസ്.വിയും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞപ്പോൾ ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോ എതിരില്ലാത്ത ഒരു ഗോളിന് എസ്.കെ സ്റ്റം ഗ്രാസിനെ തോൽപ്പിച്ചു. സ്പാനിഷ് വമ്പന്മാരായ റയൽ ബെറ്റിസ് മൂന്നിനെതിരേ നാലുഗോളുകൾക്ക് സെൽറ്റിക്കിനെ കീഴടക്കി. ജർമൻ ടീമായ ബയേൺ ലെവർകൂസനും വിജയം സ്വന്തമാക്കി. ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് ഫെറെൻസ്വാരോസിനെയാണ് ടീം കീഴടക്കിയത്. ഒളിമ്പിക്ക് ലിയോൺ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റേഞ്ചേഴ്സിനെയും തകർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!