കോവിഡ് നിയമങ്ങള്‍ ആവര്‍ത്തിച്ചു ലംഘിച്ചാല്‍ പിഴ 1 ലക്ഷം റിയാല്‍; മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: കോവിഡ് നിയമങ്ങള്‍ ആവര്‍ത്തിച്ചു ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. രോഗവ്യാപനം തടയാനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ (19 ലക്ഷം ഇന്‍ഡ്യന്‍ രൂപ) ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സാമൂഹിക അകലം പാലിക്കാതിരിക്കല്‍, സ്വകാര്യ, സര്‍കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കുമ്പോള്‍ ശരീര ഊഷ്മാവ് പരിശോധിക്കാന്‍ വിസമ്മതിക്കല്‍ എന്നിവ മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ലംഘനമാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് ആദ്യ തവണ ആയിരം റിയാല്‍ പിഴയും നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴയും ചുമത്തും. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് പരമാവധി ഒരു ലക്ഷം റിയാല്‍ വരെയാണ് പിഴ ചുമത്തുകയെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.