കെജ്‌രിവാള്‍ നിര്‍ദേശിച്ചു; അതിഷി ഡല്‍ഹി മുഖ്യമന്ത്രി
ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ രാജിവെക്കുന്നതോടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മന്ത്രിയും എഎപി വക്താവുമായ അതിഷി എത്തും. എഎപി നിയമസഭാ കക്ഷിയോഗത്തില്‍ അതിഷിയെ മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ നിര്‍ദേശിച്ചു. ഇതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹിക്ക് വനിതാ മുഖ്യമന്ത്രിയായി അതിഷി എത്തും. കെജ്‌രിവാള്‍ ഇന്ന് വൈകീട്ടോടെ ലെഫ്.ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കും.
തിഹാര്‍ ജയിലില്‍നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാള്‍ രാജി പ്രഖ്യാപനം നടത്തിയത്. രാജിവെക്കുകയാണെന്നും ജനങ്ങളുടെ അഗ്‌നിപരീക്ഷയില്‍ ജയിച്ചശേഷംമാത്രം മുഖ്യമന്ത്രിക്കസേര മതിയെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ കാലാവധി തീരാന്‍ അഞ്ചുമാസം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത നീക്കം. അടുത്തവര്‍ഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട ഡല്‍ഹിയിലെ രാഷ്ട്രീയം ഇതോടെ പുതിയ വഴിത്തിരിവിലാണ്.
മുതിര്‍ന്ന മന്ത്രിമാരായ ഗോപാല്‍ റായ്, കൈലാഷ് ഗഹ്ലോത് എന്നിവരും അതിഷിക്കൊപ്പം മുഖ്യമന്ത്രി കസേരയിലേക്ക് എഎപിയുടെ പരിഗണനയിലുണ്ടായിരുന്നു. നിയമസഭാ കക്ഷിയോഗത്തില്‍ കെജ്‌രിവാള്‍ അതിഷിയെ നിര്‍ദേശിച്ചതോടെ മറ്റുള്ളവരും അതിനെ പിന്തുണച്ചു. സ്വതന്ത്ര്യദിനത്തില്‍ തനിക്കുപകരം ദേശീയപതാക ഉയര്‍ത്താന്‍ കെജ്‌രിവാള്‍ അതിഷിയെയായിരുന്നു നിര്‍ദേശിച്ചിരുന്നത്.