കാസർകോട്ട് സിപിഎം നേതാവ് പാർട്ടിവിട്ടു; രാജിവെച്ചത് കോടിയേരിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. രാഘവൻ

കാസർകോട്: കാസർകോട് ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായി ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി.
ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ രാഘവന് അതൃപ്തിയുണ്ടായിരുന്നെന്നാണ് വിവരം. കാസർകോട് ജില്ലാ കമ്മിറ്റിയിൽ ആറുപേരെ സ്ഥിരം ക്ഷണിതാക്കളാക്കാൻ വിപുലീകൃത ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. താരതമ്യേന ജൂനിയറായവരെ വരെ പരിഗണിച്ചപ്പോൾ മുതിർന്ന നേതാവായ രാഘവനെ തഴഞ്ഞുവെന്നാണ് പരാതി. വിപുലീകൃത ജില്ലാ കമ്മിറ്റി സമാപിച്ചതിന് പിന്നാലെയാണ് രാജി.
നേതൃത്വം അവഗണിച്ചെന്ന് രാജിക്കത്തിൽ കത്തിൽ പറയുന്നുണ്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു രാഘവൻ. നിലവിൽ കാഞ്ഞങ്ങാട് ഏരിയാ സെന്ററിലായിരുന്നു പ്രവർത്തനം.

