പുതിയ ഇന്നിങ്‌സ്, ദ്രാവിഡിനും രോഹിത്തിനും

ജയ്പുർ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ അപ്രതീക്ഷിത തിരിച്ചടിയുടെ ക്ഷീണം തീർക്കാൻ ടീം ഇന്ത്യ, സീനിയർ ടീമിന്റെ പരിശീലകനായി മറ്റൊരു കരിയറിന് തുടക്കമിടാൻ രാഹുൽ ദ്രാവിഡ്, ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയിൽനിന്നേറ്റ തോൽവിയിൽനിന്ന് രക്ഷനേടാൻ ന്യൂസീലൻഡ്.
ഇന്ത്യ-ന്യൂസീലൻഡ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമാകുമ്പോൾ അത് എല്ലാ അർഥത്തിലും പുതിയ ഇന്നിങ്സാണ്. ന്യൂസീലൻഡിനെ നയിക്കുന്നത് ടിം സൗത്തിയാണെന്ന പ്രത്യേകതയുമുണ്ട്. മത്സരം രാത്രി ഏഴുമുതൽ ജയ്പുർ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ.
അടുത്തവർഷം വീണ്ടും ട്വന്റി 20 ലോകകപ്പുണ്ട്. ഇരു ടീമുകൾക്കും അവിടേക്കുള്ള തുടക്കംകൂടിയാണിത്. അത് മുന്നിൽക്കണ്ട്, സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി ഒരുസംഘം യുവതാരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അവർക്ക് വഴികാട്ടാൻ നായകൻ രോഹിത് ശർമയും. വിരാട് കോലിയുടെ അഭാവത്തിൽ പലതവണ ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും ട്വന്റി 20-യിൽ സ്ഥിരം നായകസ്ഥാനം കിട്ടിയശേഷം രോഹിത് ശർമയുടെ ആദ്യ പരമ്പരകൂടിയാണിത്.
കളിക്കാരനായും ജൂനിയർ ടീം കോച്ചായും ഏറെ നേട്ടമുണ്ടാക്കിയ രാഹുൽ ദ്രാവിഡ് ദീർഘകാലത്തേക്കുള്ള ഇന്ത്യൻ ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങളുണ്ടാകും. ഇക്കഴിഞ്ഞ ഐ.പി.എലിൽ തിളങ്ങിയ ഓൾ റൗണ്ടർ വെങ്കിടേഷ് അയ്യർ, മുൻനിര ബാറ്റർ ഋതുരാജ് ഗെയ്ക്വാദ്, പേസ് ബൗളർമാരായ ഹർഷൽ പട്ടേൽ, ആവേശ് ഖാൻ എന്നിവർ ടീമിലെത്തി. പേസ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ഇതേ റോളിൽ വെങ്കിടേഷ് അയ്യർ കളിക്കാൻ സാധ്യതയുണ്ട്. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരും ബാറ്റിങ്ങിൽ സ്ഥാനം ഉറപ്പിക്കാൻ കാത്തിരിക്കുന്നു.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർ കളിക്കാത്ത സാഹചര്യത്തിൽ മുഹമ്മദ് സിറാജ്, ദീപക് ചഹാർ എന്നിവരും അവസരം കാത്തിരിക്കുന്നു. രവീന്ദ്ര ജഡേജയുടെ അഭാവത്തിൽ ഇടംകൈയൻ സ്പിന്നർ അക്സർ പട്ടേൽ ഇലവനിൽ ഉണ്ടാകും.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, വെങ്കിടേഷ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, ആർ. അശ്വിൻ, അക്സർ പട്ടേൽ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്.
ദീർഘകാലത്തേക്കുള്ള ടീമിനെ ഒരുക്കിയെടുക്കണം. ഇപ്പോൾ മത്സരങ്ങൾ തോൽക്കാനുമാകില്ല. വിജയിച്ചുകൊണ്ടിരിക്കുക, അതിനൊപ്പം പുതിയടീമിനെ ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്

