വിജയക്കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ചെല്‍സിയെ സമനിലയില്‍ തളച്ച് എവര്‍ടണ്‍

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശക്തരായ ലിവർപൂളിന് വിജയം. ന്യൂകാസിലിനെയാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. എന്നാൽ കരുത്തരായ ചെൽസിയ്ക്ക് സമനിലപ്പൂട്ട് വീണു. എവർടണാണ് ചെൽസിയെ സമനിലയിൽ തളച്ചത്.
ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് ആതിഥേയരുടെ വിജയം. ജോനോ ഷെൽവിയിലൂടെ ലിവർപൂളിനെ ഞെട്ടിച്ച് ന്യൂകാസിലാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 21-ാം മിനിട്ടിൽ ഡിയാഗോ ജോട്ടയിലൂടെ ലിവർപൂൾ സമനില ഗോൾ നേടി. നാലുമിനിട്ടുകൾക്ക് ശേഷം സൂപ്പർ താരം മുഹമ്മദ് സല ലിവർപൂളിന്റെ ലീഡുയർത്തി.
മത്സരമവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കേ ട്രെന്റ് അലക്സാണ്ടർ അർണോൾഡിന്റെ വെടിയുണ്ട കണക്കെയുള്ള തകർപ്പൻ ലോങ് റേഞ്ചറിലൂടെ ലിവർപൂൾ മൂന്നാം ഗോൾ നേടി. ഈ വിജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 40 പോയന്റുള്ള ലിവർപൂൾ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു.
ഒരു ഘട്ടത്തിൽ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുനിന്നിരുന്ന ചെൽസിയെ എവർടൺ 1-1 എന്ന സ്കോറിന് സമനിലയിൽ തളച്ചു. 70-ാം മിനിട്ടിൽ മേസൺ മൗണ്ടിലൂടെ ചെൽസിയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 74-ാം മിനിട്ടിൽ ജറാർഡ് ബ്രാൻഡ്വെയ്റ്റിലൂടെ എവർടൺ സമനില ഗോൾ നേടി.
ഈ സമനിലയോടെ 17 മത്സരങ്ങളിൽ നിന്ന് 37 പോയന്റുമായി ചെൽസി മൂന്നാം സ്ഥാനത്ത് തുടരുന്നു. എവർട്ടൺ 19 പോയന്റുമായി 14-ം സ്ഥാനത്താണ്.

